ചെന്നൈ: വൈദ്യുതീകരണം പൂർത്തിയാവുമ്പോൾ ഉപയോഗമില്ലാതെ വരുന്ന 2,500 ഡീസൽ ലോക്കോമോട്ടീവുകൾ ഹൈഡ്രജൻ ഇന്ധനത്തിലേക്കു മാറ്റാനുള്ള പരീക്ഷണങ്ങൾ നടത്തിവരുകയാണെന്ന് റെയിൽവേ. 70,117 കിലോമീറ്റർ ലൈനിൽ 405 കിലോമീറ്റർമാത്രമാണ് വൈദ്യുതീകരിക്കാൻ ബാക്കിയുള്ളത്.
ഡീസൽ എൻജിനുകൾ ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറ്റാനുള്ള പരീക്ഷണങ്ങൾ കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോ വർക്ക് ഷോപ്പിൽ നടന്നുവരുകയാണ്. ഡീസൽ എൻജിനിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ സഹായത്തോടെ നിർമിച്ച ഹൈഡ്രജൻ എൻജിനുകൾ ഘടിപ്പിച്ച തീവണ്ടി കഴിഞ്ഞ ജൂലായിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
ഡീസൽ എൻജിൻ ഹൈഡ്രജൻ എൻജിനുകളാക്കി മാറ്റുമ്പോൾ ടാങ്കുകൾ മാറ്റണം. അവയ്ക്ക് പകരം ഇന്ധന ബാറ്ററികൾ ഘടിപ്പിക്കും. ഹൈഡ്രജൻ എൻജിനുകളാക്കുമ്പോൾ ട്രാക്ടർ മോട്ടോറുകൾ ഘടിപ്പിക്കണം. ഇന്ധനം സംഭരിക്കാനും ഓടുമ്പോൾ ഇന്ധനം സപ്‌ളൈ ചെയ്യാനുമുള്ള സംവിധാനവുമുണ്ടാകും.



