ഐഫോണുകള്‍ക്കൊപ്പം തന്നെ രസകരമാണ് അവയ്‌ക്കൊപ്പം ആപ്പിള്‍ അവതരിപ്പിക്കുന്ന ആക്‌സസറികള്‍. ഐഫോണുകളുടെ ബാക്ക് കവറുകളും ആപ്പിള്‍ വാച്ചിന്റെ സ്ട്രാപ്പുകളുമെല്ലാം അതില്‍ ചിലതാണ്. ഇപ്പോഴിതാ ഐഫോണുകള്‍ കൊണ്ടുനടക്കാന്‍ ഒരു ഫാഷന്‍ ആക്‌സസറി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ജാപ്പനീസ് ഫാഷന്‍ ഹൗസായ ഇസ്സേ മിയാകെയുമായി സഹകരിച്ച് ഐഫോണ്‍ പോക്കറ്റ് എന്നൊരു ഉത്പന്നമാണ് കമ്പനി പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷന്‍ വെയറബിള്‍ പോക്കറ്റ് ആണിത്.
ഐഫോണ്‍, എയര്‍പോഡ്‌സ് എന്നിവ ഇതില്‍ ഇട്ട് കൊണ്ടുനടക്കാം. അത് മാത്രമല്ല ദൈനംദിന ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ കൊണ്ടു നടക്കുന്ന എന്തും ഇതില്‍ സൂക്ഷിക്കാനാവും. ഇസ്സേ മിയാകെ വികസിപ്പിച്ച ത്രിഡി നെയ്ത്തിലൂടെ (3D Knitted) നിര്‍മിച്ചതാണിത്. ഇത് കയ്യില്‍ കൊണ്ടുനടക്കാം, ബാഗുകളില്‍ കെട്ടിവെച്ച് ഉപയോഗിക്കാം, വേണമെങ്കില്‍ ശരീരത്തില്‍ തൂക്കിയിടുകയും ചെയ്യാം.
രണ്ട് സ്ട്രാപ്പ് വേരിയന്റുകളാണ് പുതിയ ഐഫോണ്‍ പോക്കറ്റിനുണ്ടാവുക. ഒന്ന് നീളം കുറഞ്ഞ സ്ട്രാപ്പുള്ളതും ഒന്ന് നീളം കൂടിയ സ്ട്രാപ്പുള്ളതും. നീളം കുറഞ്ഞതിന് 149.95 ഡോളറും (13200 രൂപയോളം ) നീള മേറിയതിന് 229.95 ഡോളറും (20400 രൂപയോളം) ആണ് വില. തിരഞ്ഞെടുത്ത ചില വിപണികളില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ എന്ന് മാത്രം. ഇന്ത്യയില്‍ ഇത് എത്തുമോ എന്ന് വ്യക്തമല്ല.
ഐഫോണ്‍ പോക്കറ്റ് നീളം കുറഞ്ഞ സ്ട്രാപ്പ് വേരിയന്റ് ലെമണ്‍, മാന്‍ഡറിന്‍, പര്‍പ്പിള്‍, പിങ്ക്, പീക്കോക്ക്, സഫയര്‍, സിന്നാമന്‍, ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളില്‍ വില്‍പനയ്‌ക്കെത്തും. നീളമേറിയ സ്ട്രാപ്പുള്ള വേരിയന്റിന് സഫയര്‍, സിന്നാമന്‍, കറുപ്പ് നിറങ്ങളാണുണ്ടാവുക.
ഫ്രാന്‍സ്, ഗ്രേറ്റര്‍ ചൈന, ഇറ്റലി, ജപ്പാന്‍, സിംഗപുര്‍, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലായുള്ള പത്തോളം ഫ്‌ളാഗ്ഷിപ്പ് ആപ്പിള്‍ സ്റ്റോറുകളില്‍ നവംബര്‍ 14 മുതല്‍ ഐഫോണ്‍ പോക്കറ്റ് വില്‍പനയ്‌ക്കെത്തും. ചില വിപണികളില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും വില്‍പനയുണ്ടാവും.



