Sunday, June 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'മാധ്യമങ്ങളെ വെല്ലുവിളിക്കുന്ന പിണറായിസം',ജെയിംസ് കൂടൽ എഴുതുന്നു

‘മാധ്യമങ്ങളെ വെല്ലുവിളിക്കുന്ന പിണറായിസം’,ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ക്ക് നേരെ അധികാരത്തിന്റെ ഹുങ്കില്‍ ഭരണവര്‍ഗം കാട്ടുന്ന അതിക്രമങ്ങള്‍ ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും നടന്നു കൂടാനാകാത്തതാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ ഭരണകക്ഷിയിലെ വിദ്യാര്‍ത്ഥി യുവജന, സംഘനകള്‍ നടത്തിയ പ്രതിഷേധവും അതിക്രമവും ഒരിക്കലും അംഗീകരിച്ച് കൂടാനാകാത്തതാണ്. കൂടാതെ മാധ്യമ സ്ഥാപനത്തിന്റെ ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനകളും ജനാധിപത്യത്തിന് ഭൂഷണമല്ല. ഭരണകൂട ഭീകരതയായി മാത്രമെ ഇതിനെ കാണാനാകൂ. ഭരണകക്ഷിയിലെ ചില സംഘടനകള്‍ക്ക് ലഹരി മാഫിയായുമായി ബന്ധമുണ്ട് എന്ന വെളിപ്പെടുത്തലാണ് സംസ്ഥാനത്തെ ഇടത് സര്‍ക്കരിന്റെ പ്രതികാര മനോഭാവത്തിന് കാരണം. ജനാധിപത്യത്തിനും പത്രമാധ്യമ സ്വാതന്ത്ര്യത്തിനും എതിരായി മാത്രമേ ഇതിനെ കാണാനാകൂ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുവശമാണെന്നേ ഇതിലൂടെ തോന്നുകയുള്ളൂ. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഡോക്യുമെന്ററിയെടുത്ത ബിബിസി എന്ന ലോകോത്തര ചാനലിനെ വേട്ടയാടിയ പോലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന കാഴ്ചയാണുള്ളത്.

ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പിനെ കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്ര മോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മില്‍ വ്യത്യാസമെന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിക്കുന്നതില്‍ ഒരു തെറ്റും പറയാനാകില്ല. ഡല്‍ഹിയില്‍ നടക്കുന്നതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും സതീശന്‍ പറയുന്നതും അക്ഷരപ്രതി ശരിവയ്ക്കുന്നതാണ്.

തങ്ങള്‍ക്കെതിരെ വാര്‍ത്ത ചെയ്യുന്നവര്‍ ഈ നാട്ടില്‍ വേണ്ടെന്നുള്ള നിലപാട് ഫാസിസത്തിന്റതാണ്. ഏഷ്യാനെറ്റിനെ ഭീഷണിപ്പെടുത്തുന്നത് മറ്റ് മാധ്യമങ്ങള്‍ക്കുള്ള വെല്ലുവിളികൂടിയാണ്. ഇത്തരം സാഹചര്യങ്ങളെ ചെറുത്തുതോല്‍പ്പിച്ചില്ലെങ്കില്‍ വരും കാലം ഏകാധിപത്യത്തിന്റെതാകും. എതിര്‍ക്കുന്നവരെ എങ്ങനെയും തുരത്തുക എന്ന നയം കമ്മ്യൂണസിത്തിന്റെതാകും. എന്നാല്‍ അതൊരു ജനാധിപത്യ ഭരണസംഹിതയ്ക്ക് ചേര്‍ന്നതല്ല.

സംസ്ഥാനത്തെ മയക്കുമരുന്ന് അധോലോക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് വളര്‍ന്നുവരുന്ന മാധ്യമവേട്ടയ്ക്ക് കാരണമായതെന്ന് അറിയുമ്പോള്‍ പ്രബുദ്ധകേരളം ലജ്ജിക്കേണ്ടിവരും. അമര്‍ഷവും അസഹിഷ്ണുതയുമാണ് ഏഷ്യാനെറ്റ് ചാനല്‍ ഓഫീസിനുനേര്‍ക്ക് ആക്രമണത്തിന് കാരണമായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും നീതി നടപ്പാക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. ഏത് കേസില്‍പ്പെട്ടാലും രക്ഷിക്കാന്‍ ആളുണ്ടെന്ന ധാര്‍ഷ്ട്യമാണ് സഖാക്കളെ അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കൊന്നാലും തിന്നാലും ഭരണകക്ഷിക്ക് നിയമം ബാധകമല്ലായെന്ന തരത്തിലേക്ക് അഹന്ത വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് വേണം കരുതാന്‍. മാദ്ധ്യമസ്ഥാപനങ്ങളുടെ നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളെ അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ കാണാനാവൂ. സത്യം പച്ചയായി തുറന്നുപറയുന്നതിന്റെ പേരിലാണ് മാദ്ധ്യമസ്ഥാപനങ്ങള്‍ മുമ്പും ആക്രമിക്കപ്പെട്ടിട്ടുള്ളത്. എല്ലാ വാര്‍ത്തകളും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തണമെന്നില്ല. വിയോജിപ്പുകളും കാണും. അതിന്റെ പേരില്‍ വാര്‍ത്ത നല്‍കിയ സ്ഥാപനത്തെയും ജീവനക്കാരെയും പുറത്ത് ഇറങ്ങാന്‍ അനുവദിക്കാത്തത് ഇന്ത്യപോലുള്ള രാജ്യത്തെ കേട്ടുകേള്‍വിയുള്ള കാര്യമല്ല. മാധ്യമ ഓഫീസിനു നേരെയുണ്ടായ അതിക്രമത്തില്‍ പങ്കെടുത്തവരെ ശിക്ഷിക്കാനും അച്ചടക്ക നടപടിയെടുക്കാനും ഉത്തരവാദിത്വമുള്ളവര്‍ കാണിക്കുന്ന നിശബ്ദത വരും നാളുകളിലും അതിക്രമങ്ങള്‍ക്കുള്ള പ്രേരണയാകും.

ബി.ബി.സി ഉള്‍പ്പെട്ട വിവാദത്തില്‍ കേരളമാകെ പ്രതിഷേധം സംഘടിപ്പിച്ചവര്‍ അതേസാഹചര്യത്തില്‍ കുറ്റവാളികളുടെ മുഖപടം അണിയുന്ന കാഴ്ചയാണ് ഇന്ന് സംസ്ഥാനത്ത് കണ്ടുവരുന്നത്. വാര്‍ത്തകളുടെ പേരില്‍ മാദ്ധ്യമ ഓഫീസുകളില്‍ കയറി ഗുണ്ടാപണി കാട്ടുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത് നമ്മുടെ ഭരണസംവിധാനത്തിന് വരുന്നത്തുന്ന മൂല്യച്ച്യുതി വളരെ വലുതാണ്. ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കാട്ടുന്നത് രാജ്യദ്രോഹമാണെന്നുള്ള തുറന്ന് പറച്ചിലുകള്‍ ഉപ്പാകണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടണം. അവിടെ രാഷ്ട്രീയത്തിന് അതീതമായ രാഷ്ട്രമെന്ന വിശാലമായ ചിന്തയാണ് വളര്‍ന്നുവരേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments