Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇപി ജയരാജനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കണം; കെ. സുധാകരന്‍

ഇപി ജയരാജനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കണം; കെ. സുധാകരന്‍

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ടിനെതിരേ ഉയര്‍ന്ന അതീവ ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ കണ്‍വീനറുമായ ഇപി ജയരാജനെതിരേ അഴിമതി നിരോധ നിയമപ്രകാരം വിജിലന്‍സും കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി റിസോര്‍ട്ടിന്റെ മറവില്‍ വിദേശത്തുനിന്ന് കോടികള്‍ ഒഴുകിയെത്തിയെന്ന പരാതി ഇഡിക്കു മുന്നിലുണ്ട്. റിസോര്‍ട്ടില്‍ 4 ലക്ഷം മുതല്‍ 3 കോടി രൂപവരെ മുടക്കിയ 20 പേരുടെ വിവരങ്ങളും ഇഡിക്കു ലഭിച്ചിട്ടുണ്ട്. അതു പരിശോധിച്ചാല്‍ കേസെടുക്കാതിരിക്കാന്‍ കഴിയില്ല. ഇപി ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വൈദേകം റിസോര്‍ട്ടിന്റെ പണി തുടങ്ങിയതും നിക്ഷേപങ്ങള്‍ ഒഴുകിവന്നതും. ഔദ്യോഗിക പദവി ദുരുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയാണ് നിക്ഷേപം വാങ്ങിയതെന്ന് ആക്ഷേപമുണ്ട്. കുടുംബത്തിന്റെ വക റിസോര്‍ട്ടിനുവേണ്ടി നേരിട്ടും പരോക്ഷമായും നടത്തിയ ഇടപെടല്‍ അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ കേസെടുക്കേണ്ടി വരുമെന്നു സുധാകരന്‍ പറഞ്ഞു.

പവിത്രമായ എന്നര്‍ത്ഥമുള്ള വൈദേകം ഇന്ന് നിയമലംഘനങ്ങളുടെയും അഴിമതിയുടെയും ഔദ്യോഗികപദവി ദുരുപയോഗത്തിന്റെയും ലക്ഷണമൊത്ത പഞ്ചനക്ഷത്ര റിസോര്‍ട്ടാണ്. ഇതു സംബന്ധിച്ച് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പരാതി നല്കിയപ്പോള്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്.

പാര്‍ട്ടിക്ക് സ്വന്തം കോടതിയും അന്വേഷണ ഏജന്‍സികളും ഉണ്ടെങ്കിലും വൈദേകം അഴിമതിയെക്കുറിച്ച് അന്വേഷിച്ചതേയില്ല. വൈദേകം റിസോര്‍ട്ടിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുമതി നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments