Tuesday, December 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനടിയെ ആക്രമിച്ച കേസ്: അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്

നടിയെ ആക്രമിച്ച കേസ്: അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനല്‍കി. ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞത്. കൂടിക്കാഴ്ച്ച അര മണിക്കൂർ നീണ്ടു. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരില്‍കണ്ടത്.

എട്ടു വർഷം ഒമ്പത് മാസം 23 ദിവസങ്ങൾ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നുവെന്നായിരുന്നു അതിജീവിത കേസിൽ വിധി വന്ന് ദിവസങ്ങൾക്കുശേഷം പ്രതികരിച്ചത്. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും  കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും അതിജീവിത പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. എട്ടാം പ്രതി ദിലീപിനെ വെറുതെ വിടുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments