തൃശൂര്‍ : കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി . ഹവാല മാര്‍ഗം വഴി കമ്പനി ദുബായിലേക്ക് വലിയ തുകകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടു നടന്ന റെയ്‌ഡിലാണ് തുക കണ്ടു കെട്ടിയത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) (1999 ) പ്രകാരമാണ് നടപടി.
ഫെബ്രുവരി 22ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസിന്റെ വിവിധ സ്ഥാപനങ്ങളിൽ ഏജൻസി പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. തൃശൂർ ശോഭാ സിറ്റിയിലെ വീട് ഉൾപ്പെടെ 33 സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയവയിൽപെടും. ഇവക്ക് 81.54 കോടി രൂപ വരുമെന്നു കണക്കാക്കപ്പെടുന്നു. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ , മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 91.22 ലക്ഷം രൂപ, 5.58 കോടി രൂപ വരുന്ന മൂന്ന് ഫ്ക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ, തുടങ്ങിയവയും കണ്ടുകെട്ടിയവയിൽ പെടും.
ജോയ് ആലുക്കാസിന്റെ സമ്പൂർണ ഉടമസ്ഥതയിലുളള ദുബായ് ആസ്ഥാനമായുളള ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിലേക്ക് ഹാവാല ചാനലുകൾ വഴി ആണ് പണം നിക്ഷേപിച്ചത് . ഇതിനായി നടത്തപ്പെട്ട ഇ മെയിലുകളും മറ്റു നിരവധി ഡിജിറ്റൽ തെളിവുകളും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.