കൊച്ചി: കോടികൾ മുടക്കി വാങ്ങുന്ന കാറുകൾക്ക് ആകർഷണിയമായ നമ്പറുകളും കൂടി ചേരുമ്പോഴാണ് കാറിന്റെ ഭംഗിക്ക് പൂർണതയുണ്ടാവുകയെന്ന് വിശ്വസിക്കുന്നവരാണ് വാഹനപ്രേമികളിലേറെയും. കൊച്ചിയിൽ രണ്ടരക്കോടി മുടക്കി വാങ്ങിയ ആഡംബരക്കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ വ്യവസായി മുടക്കിയത് ഏഴര ലക്ഷത്തോളം രൂപയാണ്.
രണ്ടര കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7 സീരീസിലെ ഐ 7 ഇലക്ട്രിക്ക് കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ കൊച്ചിയിലെ വ്യവസായി മുടക്കിയത് 7,40,000 രൂപയാണ്. കെഎൽ-7-ഡിസി-7777 നമ്പർ എന്ന നമ്പറാണ് ലക്ഷങ്ങൾ മുടക്കി തേവര സ്വദേശി എസ്.രാജ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിൽ ഏഴ് പേർ പങ്കെടുത്തു.