രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് രാവിലെ വീണ്ടും വാദം കേൾക്കും. അതിനുശേഷമാവും വിധി പറയുക. ആദ്യ കേസിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി പറയാൻ ഇരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് വൻ കുരുക്കായി രണ്ടാം കേസ്. ബലാത്സംഗം എന്ന ജാമ്യമില്ല കുറ്റം ചുമത്തിയാണ് 23 കാരിയുടെ വെളിപ്പെടുത്തലിൽ രണ്ടാം കേസും എടുത്തിരിക്കുന്നത്.
ഇന്നലെ ഒന്നരമണിക്കൂറോളം അടച്ചിട്ട കോടതിയിൽ വാദം കേട്ടിരുന്നു. യുവതിയുടെ പരാതി പൂർണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാൽ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. ഇന്ന് അത് ഹാജരാക്കുകയും അതിന്മേലുള്ള വാദം നടക്കുകയും ചെയ്യും.



