ദാവോസ്: നിര്‍മിത ബുദ്ധിയുടെ വര്‍ധിച്ചുവരുന്ന ഉപയോഗം തൊഴിൽ മേഖലയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്‌റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ചൊവ്വാഴ്ച ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുകൾ ഇതുവരെ ഈ മാറ്റത്തിന് പൂർണമായും സജ്ജമായിട്ടില്ലെന്നും വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂവെന്നും ബിൽഗേറ്റ്സ് കൂട്ടിച്ചേർത്തു.
“അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ, വൈറ്റ് കോളർ ജോലികളിൽ മാത്രമല്ല, ബ്ലൂ കോളർ ജോലികളിലും എഐയുടെ ആഘാതം വ്യക്തമായി ദൃശ്യമാകും” ബിൽ ഗേറ്റ്സ് പറഞ്ഞു. ഇതുവരെ എഐയുടെ ആഘാതം പരിമിതമാണെന്ന് ഗേറ്റ്സ് സമ്മതിച്ചു, പക്ഷേ ഈ സാഹചര്യം അധികകാലം നിലനിൽക്കില്ല. മുൻകാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് എഐ വളരെ വേഗതയേറിയതും ആഴമേറിയതുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



