കോട്ടയം: എസ്‍എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്. പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് എൻഎസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ലെന്നും അതിനാൽ ഇപ്പോൾ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മുമ്പുണ്ടായ ഐക്യശ്രമം പരാജയപ്പെട്ട കാര്യവും വാർത്താക്കുറിപ്പിലുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാടുള്ളതിനാൽ എസ്എൻഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തിൽ വർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാർത്താക്കുറിപ്പിൽ, എസ്എൻഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.



