ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റമുക്തരാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നൽകിയ അപ്പീലിൽ വ്യാഴാഴ്ചയും അന്തിമ വാദം നടന്നില്ല. 35ാം തവണയാണ് കേസ് കോടതി ലിസ്റ്റ് ചെയ്തത്. അന്തിമവാദത്തിനായി വ്യാഴാഴ്ച 111ാമത്തെ കേസായാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, മറ്റു കേസുകളുടെ വാദം നീണ്ടുപോയതിനാൽ 101 കേസുകൾ വരെയാണ് പരിഗണനക്കെത്തിയത്.
ബുധനാഴ്ച 112ാമത്തെ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതേ കാരണത്താൽ പരിഗണനക്കെത്തിയില്ല. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തിയത്. അന്തിമവാദം കേൾക്കൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ നടക്കുമെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നെങ്കിലും കേസ് മാറിപ്പോകുകയായിരുന്നു. മേയ് 17ന് മധ്യവേനൽ അവധിക്കായി അടക്കുന്ന സുപ്രീംകോടതി, ജൂലൈ എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമ തീർപ്പ് ഇനിയും വൈകും.പിണറായി വിജയനെ കൂടാതെ മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെയാണ് ഹൈകോടതി കുറ്റമുക്തരാക്കിയത്. പ്രതിപ്പട്ടികയിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരായ ആർ. ശിവദാസ്, കെ.ജി. രാജശേഖരൻ എന്നിവരും ഹരജി സമർപ്പിച്ചിട്ടുണ്ട്.