Saturday, October 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews2026 ൽ കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി...

2026 ൽ കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ്

കൊച്ചി: 2026 ൽ കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മന്റ് ടെക്നോളജീസിന്റെ (ജി.എക്‌സ് കേരള 23) സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയമായി മാത്രമേ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനം എന്ന നേട്ടം കൈവരിക്കാൻ സാധിക്കുകയുള്ളൂ.എന്നാൽ മാലിന്യ നിർമാർജനം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മാലിന്യ സംസ്കരണ പ്ലാന്റുകളല്ല മറിച്ച് സംസ്കരിക്കാത്ത മാലിന്യങ്ങളാണ് നാടിന് വെല്ലുവിളിയാവുക. ശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഗ്ലോബൽ എക്സ്പോയുടെ പ്രധാന ലക്ഷ്യം അതാണെന്നും മന്ത്രി പറഞ്ഞു.

മാലിന്യ നിർമ്മാർജ്ജന ദൗത്യത്തിൽ തദേശ സ്ഥാപനങ്ങൾക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ മുന്നോട്ട് നീങ്ങുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഈ ഉദ്യമത്തോട് ചേർന്ന് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രി എം.ബി രാജേഷ് ചെയർമാനും കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം.അനിൽകുമാർ വർക്കിംഗ് ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി നാല് മുതൽ ആറ് വരെ എറണാകുളം മറൈൻ ഡ്രൈവിലാണ് ഗ്ലോബൽ എക്സ്പോ സംഘടിപ്പിക്കുന്നത്.

എറണാകുളം ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.ജെ വിനോദ്, കെ.എൻ ഉണ്ണികൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ ചേംബേഴ്‌സ് ചെയർമാൻ എം. കൃഷ്ണദാസ്, ജില്ലാ വികസനകാര്യ കമ്മീഷ്ണർ ചേതൻ കുമാർ മീണ, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്ക്കരൻ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ഡയറക്ടർ ജ്യോതിഷ് ചന്ദ്രൻ, ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ് ഡയറക്ടർ കെ.എസ് പ്രവീൺ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments