മലപ്പുറം: കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ പ്രമുഖ നേതാവായിരുന്ന യു. കലാനാഥൻ മാസ്റ്റർ (84) അന്തരിച്ചു. കേരള യുക്തിവാദി സംഘത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചു. യുക്തിവാദി സംഘടനകളുടെ ദേശീയ സംഘടനയായ എഫ്.ഐ.ആർ.എ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 1979-84, 1995-2000 എന്നീ രണ്ടു ഘട്ടങ്ങളിലായി 10 വർഷം പ്രവർത്തിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനം ജനകീയമായും ജനകീയ പങ്കാളിത്തത്തോടെയും നടപ്പാക്കി വലിയ ജനശ്രദ്ധ നേടിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കാട്ടുങ്ങൽ തോട് ജനകീയ ജലസേചന പദ്ധതി, കുണ്ടംപാടം ജലസേചന പദ്ധതി, മലയാറ്റിൽ തോട് നവീകരണം, മണൽചാക്ക് നിറച്ച് കടലാക്രമണം തടയാൻ കടൽഭിത്തി, ജനകീയ ബോട്ടു ജട്ടി നിർമാണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി 1998ലെ സ്വരാജ് ട്രോഫി വള്ളിക്കുന്നിലെത്തിച്ചു. കേരളാ ഗവർണർ വള്ളിക്കുന്നിൽ വന്നാണ് ട്രോഫി സമ്മാനിച്ചത്.