കീവ് : ചെസ് ഇതിഹാസം ഗാരി കാസ്പറോവിനെ (60) റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം തീവ്രവാദിപ്പട്ടികയിൽ ഉൾപ്പെടുത്തി. മുൻ ലോക ചെസ് ചാംപ്യനായ കാസ്പറോവ് റഷ്യൻ പ്രസിഡന്‍റ‌് വ്‌ളാഡിമിർ പുട്ടിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ്. കാസ്പറോവ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനു ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള സാമ്പത്തിക നിരീക്ഷണ വിഭാഗമാണ് കാസ്പറോവിനെ ‘തീവ്രവാദി’ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ ഉൾപ്പെടുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കാം.
കാസ്പറോവിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പുട്ടിൻ ഭരണത്തോടു വിയോജിപ്പു രേഖപ്പെടുത്തുന്നവരെ തീവ്രവാദികൾ’ അല്ലെങ്കിൽ ‘വിദേശ ഏജന്‍റുമാർ’ എന്ന് റഷ്യൻ സർക്കാർ വിശേഷിപ്പിക്കുന്നതായി വിമർശനം ഉയരുന്നുണ്ട്. പീഡനം ഭയന്ന് 2014 ൽ റഷ്യ വിട്ട് കാസ്പറോവ് പത്തുവർഷമായി യുഎസിലാണ് താമസിക്കുന്നത്