ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മാർക്ക് കാർണി കടുത്ത ട്രംപ് വിരുദ്ധനാണെന്നത് ഏവർക്കുമറിയുന്നതാണ്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനവും അതിനെ ന്യായീകരിക്കുന്നതാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25% തീരുവ ഏർപ്പെടുത്തിയതിനുള്ള തിരിച്ചടി നൽകാനുറപ്പിച്ചാണ് കാർണി മന്ത്രിസഭയുടെ ആദ്യ തീരുമാനം. തീരുവ യുദ്ധത്തിനുള്ള തിരിച്ചടിയായ അമേരിക്കയുമായുള്ള ഫൈറ്റർ ജറ്റ് ഇടപാട് റദ്ദാക്കാൻ കാർണി മന്ത്രിസഭ തീരുമാനിച്ചതായാണ് വിവരം. അമേരിക്കൻ എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾക്ക് നൽകിയ ഓർഡർ പിൻവലിക്കാനാണ് കാനഡ ഒരുങ്ങുന്നത്.
കനേഡിയൻ വ്യോമസേന യുഎസ് ഫൈറ്ററുകൾ സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ഓപ്ഷനുകൾ കൂടി പരിഗണിക്കുന്നുണ്ടെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭയുടെതാണ് തീരുമാനമെന്നും അദ്ദേഹം വിവരിച്ചു.
2023 ൽ ട്രൂഡോയുടെ കാലത്താണ് കാനഡ അമേരിക്കയുമായുള്ള എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിനുള്ള കരാർ അന്തിമമാക്കിയത്. 88 ജെറ്റുകൾക്കായി ലോക്ക്ഹീഡ് മാർട്ടിനുമായി 19 ബില്യൺ ഡോളറിന്റെ കരാറിലാണ് കാനഡ ഒപ്പുവച്ചത്. 2026 ഓടെ കാനഡയിലേക്ക് എഫ് 35 യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് എത്തിക്കേണ്ടതുണ്ട്. 16 ജെറ്റുകൾക്കുള്ള പണമടയ്ക്കൽ ഇതിനകം നടത്തിയിട്ടുണ്ട്. ആദ്യ ബാച്ച് സ്വീകരിക്കാമെന്നും ബാക്കിയുള്ളവയ്ക്ക് സ്വീഡിഷ് നിർമ്മിത സാബ് ഗ്രിപെൻ പോലുള്ള യൂറോപ്യൻ നിർമ്മാതാക്കളെ ആശ്രയിക്കാമെന്നും കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ വ്യക്തമാക്കിയിട്ടുണ്ട്.