കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി അപേക്ഷ സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. എസ്എഫ്ഐഒ കുറ്റപത്രം വിശദമായി പരിശോധിച്ചശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണയുള്‍പ്പെടെയുളളവര്‍ക്ക് നോട്ടീസ് അയക്കാനാണ് ഇഡിയുടെ നീക്കം.
കഴിഞ്ഞ ദിവസം സിഎംആര്‍എല്‍- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി തളളുകയായിരുന്നു. ജസ്റ്റിസ് സുബ്രമണ്യ പ്രസാദിന്റെ ബെഞ്ചിലേക്ക് സിഎംആര്‍എല്ലിന്റെ ഹര്‍ജി മാറ്റുകയും ചെയ്തു. ഏപ്രില്‍ 21-നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക.
സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്താണ് എസ്എഫ് ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. പതിമൂന്ന് പ്രതികളുളള കേസില്‍ വീണ പതിനൊന്നാം പ്രതിയാണ്. സേവനം നല്‍കാതെ വീണയുടെ കമ്പനി 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഒരു സേവനവും നല്‍കാതെ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന് കുറ്റപത്രത്തിലുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാംപ്രതി. സിഎംആര്‍എല്ലും എക്‌സാലോജികും ഉള്‍പ്പെടെ നാല് കമ്പനികളും കേസില്‍ പ്രതികളാണ്. എസ്എഫ് ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നു.