ചെന്നൈ : തമിഴ്നാട് ബിജെപി അധ്യക്ഷനായി തിരുനെൽവേലി എംഎൽഎ നൈനാർ നാഗേന്ദ്രനെ തിരഞ്ഞെടുത്തു. ചെന്നൈയിൽ പാർട്ടി ആസ്‌ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുത്തത്. വാനതി ശ്രീനിവാസൻ, കെ അണ്ണാമലൈ, പൊൻ രാധാകൃഷ്‌ണൻ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാർ നാഗേന്ദ്രനെ പിന്തുണച്ചത്.നൈനാർ നാഗേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടൻ നടത്തും. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവും തിരുനെൽവേലിയിൽ നിന്നുള്ള എംഎൽഎയുമാണ് നൈനാർ നാഗേന്ദ്രൻ. 2020 വരെ അണ്ണാ ഡിഎംകെയിൽ പ്രവർത്തിച്ച നൈനാർ നാഗേന്ദ്രൻ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്നു. അണ്ണാ ഡിഎംകെയുമായി പൂർവ ബന്ധം പുലർത്തിയിരുന്നയാൾ കൂടിയാണ് നൈനാർ നാഗേന്ദ്രൻ. നാടാർ സമുദായ പ്രതിനിധി എന്നതും നൈനാർ നാഗേന്ദ്രന് ഗുണം ചെയ്തു.
തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് സഖ്യത്തിന് ശ്രമിക്കുന്ന ബിജെപി അണ്ണാഡിഎംകെയുടെ ആവശ്യപ്രകാരമാണ് കെ അണ്ണാമലയെ അധ്യക്ഷ പദവിയിൽ നിന്ന് നീക്കിയത്. സ്ഥാനമൊഴിഞ്ഞ കെ അണ്ണാമലൈ നിയുക്ത അധ്യക്ഷനെ ഷാൾ അണിയിച്ച് അനുമോദിച്ചു . കെ അണ്ണാമലൈയെ മാറ്റുന്നത് സംബന്ധിച്ച് പാർട്ടി തമിഴ്‌നാട് ഘടകത്തിനുള്ളിൽ രൂപപ്പെട്ട ഭിന്നത പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചെന്നൈയിൽ എത്തിയിരുന്നു. അണ്ണാ ഡിഎംകെ-എൻഡിഎ പുനഃപ്രവേശനത്തിന് മുന്നോട്ടു വെച്ച ഉപാധികളിൽ ഒന്നായിരുന്നു അണ്ണാമലൈയുടെ സ്ഥാനമാറ്റം. അണ്ണാമലൈക്ക് കേന്ദ്രസഹമന്ത്രി സ്ഥാനം നൽകാനുള്ള നീക്കത്തിലാണ് ദേശീയനേതൃത്വം. അതേസമയം അണ്ണാ ഡിഎംകെയുമായുള്ള സഖ്യ ചർച്ചകൾ ബിജെപി തുടരുകയാണ്.
ഏപ്രിൽ നാലിനാണ് തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ അണ്ണാമലൈ ഒഴിഞ്ഞത്. അധ്യക്ഷ പദവിയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ തര്‍ക്കമില്ല. ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അണ്ണാമലൈ സ്ഥാനം ഒഴിഞ്ഞ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അണ്ണാമലൈ പദവിയില്‍ തുടര്‍ന്നാല്‍ സഖ്യം സാധ്യമല്ലെന്ന് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമി ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. അണ്ണാഡിഎംകെയുടെ ഉപാധി കേന്ദ്ര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ അണ്ണാമലൈയെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ് പദവിയില്‍ തുടരാനില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കിയത്. 2023 ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു അണ്ണാഡിഎംകെ, എന്‍ഡിഎ മുന്നണി വിട്ടത്. സംസ്ഥാന ബിജെപി അധ്യക്ഷ പദവിയില്‍ നാല് വര്‍ഷമിരുന്ന ശേഷമാണ് മുന്‍ ഐപിഎസ് ഓഫീസറായിരുന്ന അണ്ണാമലൈയുടെ പടിയിറക്കം. തമിഴ്‌നാട്ടിലെ വിവിധ ജനകീയ വിഷയങ്ങളില്‍ അണ്ണാമലൈ ഇടപെട്ടു. ഡിഎംകെ സര്‍ക്കാരിനെതിരെ തീപ്പൊരി നേതാവെന്ന പ്രതിച്ഛായ രൂപപ്പെടുത്തുന്നതിനിടെയാണ് പദവി നഷ്ടമായത്.