ദില്ലി: പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദത്തെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചു. വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാനെന്ന നിലക്കാണ് തരൂരിനെ പരിഗണിക്കുന്നതെങ്കിലും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യം. സമിതിയുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് നിലപാടറിയിച്ചു.
നയതന്ത്ര തലത്തിലെ ഇന്ത്യയുടെ മറ്റൊരു നിര്‍ണ്ണായക നീക്കമാണിത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാനെ കൂടുതല്‍ തുറന്ന് കാട്ടാന്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ ഇന്ത്യയുടെ തീരുമാനം. പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കുകയാണ് സംഘങ്ങളുടെ ദൗത്യം. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും, നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാകും സന്ദര്‍ശിക്കുക. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലാകും പര്യടനം. രാഷ്ട്രീയ പാര്‍ട്ടികളോടാലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് എംപിമാരുടെ പട്ടിക തയ്യാറാക്കിയത്. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചു. കേരളത്തില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും ക്ഷണം സ്വീകരിച്ചതായാണ് വിവരം.