വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയ്‌ക്കൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് പ്രകോപിതനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് മുറിയിൽ നിന്ന് പുറത്തുകടക്കാൻ ട്രംപ് ആവശ്യപ്പെട്ടു. സന്ദർഭത്തിന് അനുയോജ്യമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ട്രംപും റാമഫോസയും മാധ്യമങ്ങളെ കാണുമ്പോൾ എൻബിസി ന്യൂസിലെ മാധ്യമപ്രവർത്തകൻ മിഡിൽ ഈസ്റ്റ് യാത്രയെക്കുറിച്ചും ഖത്തർ സമ്മാനിച്ച പുതിയ വിമാനത്തെക്കുറിച്ചും ചോദിച്ചു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
‘എന്താണ് നിങ്ങൾ സംസാരിക്കുന്നത്? ഇവിടെനിന്ന് പുറത്തുകടക്കൂ. ഇവിടെ ഖത്തർ വിമാനത്തെക്കുറിച്ച് എന്തിനാണ് പറയുന്നത്? അവർ വിമാനം തന്നത് വലിയ ഒരു കാര്യം തന്നെയാണ്. പക്ഷെ ഇവിടെ മറ്റ് പല കാര്യങ്ങളെക്കുറിച്ചല്ലേ നമ്മൾ സംസാരിക്കുന്നത്. നിങ്ങൾക്ക് ഒരു റിപ്പോർട്ടർ ആകാനുള്ള യോഗ്യതയില്ല, അതിനുള്ള കഴിവുമില്ല’ എന്നാണ് മാധ്യമപ്രവർത്തകനോട് ട്രംപ് പറഞ്ഞത്.കൊച്ചിഹോട്ടൽ
മാധ്യമപ്രവർത്തകനോട് ഇനിയും ചോദ്യങ്ങൾ ചോദിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. തുടർന്ന് എൻബിസി ന്യൂസിനെയും കുറ്റപ്പെടുത്തി. അപ്പോഴും പിന്മാറാൻ തയ്യാറാകാതിരുന്ന മാധ്യമപ്രവർത്തകൻ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. അവസാനം ഖത്തർ ജെറ്റ് മാത്രമല്ല, നിക്ഷേപങ്ങൾ കൂടിയാണ് തന്നതെന്ന് പറഞ്ഞവസാനിപ്പിക്കുകയാണ് ട്രംപ് ചെയ്തത്.