രുദ്രപ്രയാഗ്: കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗ് വഴിയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.20ഓടെ ജംഗിൾചാട്ടി ഘട്ടിന് സമീപമായിരുന്നു അപകടം. തീർത്ഥാടകരുൾപ്പെടെയുള്ളവരുടെ മേൽ പാറകൾ വീണു. മണ്ണിടിച്ചിലിനെ തുടർന്ന് ഇവർ കൊക്കയിലേക്ക് വീഴുകയായിരുന്നു.പൊലീസും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. നിലവിൽ പൊലീസ് സംരക്ഷണത്തിലാണ് തീർത്ഥാടകരുടെ യാത്ര. കുറച്ചു ദിവസമായി കനത്ത മഴയായതിനാൽ പ്രദേശത്ത് യെല്ലോ അലർട്ടാണ്.