ടെഹ്രാൻ: ഇറാൻ- ഇസ്രയേലിലും സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും. ഓപ്പറേഷൻ സിന്ധുവിലൂടെ ഇസ്രയേലിലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇസ്രയേലിലും സംഘർഷം രൂക്ഷമായതോടെയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും, വ്യോമ മാർഗവും ഒഴിപ്പിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ടെൽ അവീവിലെ ഇന്ത്യൻ എംബസി നടപടികൾ ഏകോപിപ്പിക്കും. ടെൽ അവീവിലെ എംബസിയിൽ എല്ലാ ഇന്ത്യക്കാരും രജിസ്റ്റർ ചെയ്യാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇസ്രയേൽ സർക്കാർ നൽകിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.അതേസമയം, ഓപ്പറേഷൻ സിന്ധുവിലൂടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. അർമേനിയ യെരാവനിലെ സ്വാർട് നോട്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഉച്ചക്ക് പുറപ്പെട്ട വിമാനം ദോഹ വഴി ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ദില്ലിയിലെത്തിയത്. നൂറ്റിപത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘത്തിൽ 90 പേരും ജമ്മുകശ്മീരിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ ദില്ലി, മാഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സംഘത്തെ സ്വീകരിച്ചു. യുദ്ധഭീതിയിൽ നിന്ന് തിരിച്ചെത്തിയവർ ആശ്വാസം പങ്കുവച്ചു. സാഹചര്യം സാധാരണ നിലയിലേക്കെത്തിയാൽ തിരിച്ച് പോകാനാണ് താൽപര്യമെന്ന് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഒഴിപ്പിക്കൽ സുഗമമായി നടത്താൻ സഹായിച്ച ഇറാൻ അർമേനിയ സർക്കാരുകളെ ഇന്ത്യ നന്ദി അറിയിച്ചു. ദൗത്യം തുടരുകയാണ്. തുർഖ്‌മെനിസ്ഥാൻ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കും. അടുത്ത സംഘം എപ്പോഴെന്ന വിവരം വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടില്ല. ടെഹ്രാനിൽ നിന്ന് അർമേനിയ, ക്വോം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യക്കാരെ മാറ്റിയിരിക്കുന്നത്. ഇനിയും വിവരം നൽകിയിട്ടില്ലാത്തവർ ഇറാനിലെ ഇന്ത്യൻ എംബസിയുമായും ദില്ലിയിലെ കൺട്രോൾ റൂമുമായും ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.