Friday, May 3, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർത്ഥികള്‍ക്ക് മൂന്നുവര്‍ഷത്തെ പഠനവിലക്ക്

സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർത്ഥികള്‍ക്ക് മൂന്നുവര്‍ഷത്തെ പഠനവിലക്ക്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദനത്തിനും ഇരയായതിനു പിന്നാലെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർത്ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്ക്. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഈ കാലയളവിൽ ഇവര്‍ക്ക് പഠനം സാധ്യമാകില്ല.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. ക്യാംപസിൽ ആൾക്കൂട്ട വിചാരണയും ക്രൂര മർദനവുമരങ്ങേറിയിട്ടും പൊലീസ് ഇടപെടും വരെ ആഭ്യന്തര അന്വേഷണം നടത്താനോ വിഷയം റിപ്പോർട്ട് ചെയ്യാനോ ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡീൻ തയ്യാറായില്ല. സംഭവം അറിഞ്ഞില്ലെന്ന വാദം കളവാണെന്നാണ് ആരോപണം.

ഇതിനിടെ, സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി ഇന്ന് കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലി കല്‍പ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടയിലായവരുടെ എണ്ണം 11 ആയി. എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ്‌ കെ അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. അരുണും അമലും ഇന്നലെ രാത്രി കൽപറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ആസിഫ് ഖാനെ വർക്കലയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ആറു പേർ അറസ്റ്റിലായിരുന്നു.

കൽപറ്റ ഡിവൈഎസ്പി ടി എൻ സജീവന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും. സിദ്ധാർത്ഥിന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ എസ്എഫ്ഐക്കാരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെ എസ്‌ യു സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments