മസ്കത്ത് : അടുത്ത 15 വർഷത്തിനകം ടൂറിസം മേഖലയിൽ 5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ഒമാൻ. 2040നകം 19 ബില്യൻ ഒമാനി റിയാൽ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
ശൂറാ കൗൺസിൽ യോഗത്തിൽ പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖിയാണ് ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും വിശദമാക്കിയത്. ആഭ്യന്തര ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 2030നകം രാജ്യത്തിന്റെ ജിഡിപിയിലേക്ക് 3.5 ശതമാനം (3 ബില്യൻ ഒമാനി റിയാൽ) സംഭാവന നൽകുകയാണ് ലക്ഷ്യം.
ഒമാൻ വിഷൻ 2040ന്റെ ബൃഹത്തായ സാമ്പത്തിക ൈവവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്കനുസരിച്ചാണ് വളർച്ചാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. 2019 ൽ ടൂറിസം മേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന 1.8 ബില്യൻ ഒമാനി റിയാൽ ആയിരുന്നത് 2023 ൽ 2 ബില്യൻ ആയാണ് ഉയർന്നത്.
രാജ്യത്തേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിലും ഗണ്യമായ വർധനയാണുള്ളത്. 2019 ൽ 10 മില്യൻ സന്ദർശകരാണ് എത്തിയിരുന്നതെങ്കിൽ 2023 ൽ ഇത് 13 മില്യൻ ആയാണ് ഉയർന്നത്. ടൂറിസം രംഗത്തെ വികസനം കൂടുതൽ നിക്ഷേപം ഉറപ്പാക്കുന്നുണ്ട്.