കോട്ടയം : അനിൽ ആന്റണി കോൺഗ്രസുകാരനായിരിക്കെ പണം വാങ്ങിയോയെന്ന് അറിയില്ലെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. കോൺഗ്രസുകാർ മുഴുവൻ കളവാണെന്നും അക്കാര്യത്തിൽ തർക്കമുണ്ടോയെന്നും പി.സി. ജോർജ് ചോദിച്ചു. കട്ടുകട്ടാണ് കോൺഗ്രസ് ഈ പരുവത്തിലെത്തിയത്. ഇപ്പോൾ കോൺഗ്രസ് ഇന്ത്യാ രാജ്യത്തു തന്നെ ഇല്ലെന്നായി. കോൺഗ്രസ് സംസ്കാരത്തിൽ കാശു വാങ്ങുന്നതിൽ കുഴപ്പമില്ലല്ലോ. അതുകൊണ്ട് വാങ്ങിയോയെന്ന് ആർക്കറിയാമെന്നും പി.സി. ജോർജ് പറഞ്ഞു. കോൺഗ്രസിൽവച്ച് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവർ തീർക്കണം. ഞങ്ങൾ ബിജെപിയാണ്. ബിെജപിയിൽ ചേർന്ന ശേഷം പണം വാങ്ങിയെന്നു തെളിയിച്ചാൽ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പി.സി. ജോർജ് പറഞ്ഞു. ചോദിച്ചപ്പോൾ പണം വാങ്ങിയിട്ടില്ലെന്നാണ് അനിൽ പറഞ്ഞതെന്നും അത് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘2013ലാണ് പണം വാങ്ങിയതെന്നാണ് പറയുന്നത്. അന്ന് അനിൽ കോൺഗ്രസുകാരനാണ്. കോൺഗ്രസുകാർ മുഴുവൻ കളവാണെന്നേ. ആ കളവിന്റെ ഒരു ഭാഗമാണത്. അത് അനിൽ ആന്റണിയാണോ എ.കെ. ആന്റണിയാണോയെന്ന് ആർക്കറിയാം. ആന്റണി പണം വാങ്ങിയെന്ന് എനിക്കു വിശ്വാസം വരുന്നില്ല. എന്തായാലും മുഴുവൻ കോൺഗ്രസുകാരും കട്ടുകട്ടല്ലേ കോൺഗ്രസ് ഈ പരുവത്തിലെത്തിയത്. ഇപ്പോൾ കോൺഗ്രസ് ഇന്ത്യാ രാജ്യത്തു തന്നെ ഇല്ലെന്നായില്ലേ? കോൺഗ്രസ് സംസ്കാരത്തിൽ കാശു വാങ്ങുന്നതിൽ കുഴപ്പമില്ലല്ലോ. അതുകൊണ്ട് വാങ്ങിയോയെന്ന് ആർക്കറിയാമെന്നും പി.സി ജോർജ് പറഞ്ഞു.