തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാൽസംഗ കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങും. അബോർഷൻ ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു. കേസിൽ പ്രതിയാക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിലാണ്. അതേസമയം, രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയാണ് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്.



