മോസ്‌കോ: കരുതല്‍ ശേഖരത്തില്‍നിന്ന് സ്വര്‍ണം ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കാനൊരുങ്ങി റഷ്യയുടെ കേന്ദ്രബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് റഷ്യ(സിബിആര്‍). റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ വിലയിടിവും ബജറ്റിലെ കമ്മിയും നേരിടുന്നതിന്റെ ഭാഗമായാണ് സിബിആര്‍ കരുതല്‍ ശേഖരത്തില്‍നിന്ന് സ്വര്‍ണം വിറ്റഴിക്കാന്‍ തീരുമാനിച്ചതെന്ന് യുക്രൈന്‍ ന്യൂസ് ഏജന്‍സിയായ യുഎന്‍എന്നിനെ ഉദ്ധരിച്ച് കിറ്റ്‌കോ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി സിബിആര്‍ കൈക്കൊള്ളുന്നത്.
റഷ്യന്‍ കേന്ദ്രബാങ്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ബന്ധിത ചുവടുവെപ്പാണ്. മറ്റ് മാര്‍ഗങ്ങള്‍ അതിവേഗം ചുരുങ്ങുന്ന സാഹചര്യത്തില്‍ ബജറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനും റൂബിളിനെ പിന്താങ്ങാനും കോര്‍പ്പറേറ്റ് ലിക്വിഡിറ്റിയിലെ പ്രതിസന്ധി പരിഹരിക്കാനുമുള്ള ഉപാധിയായി സ്വര്‍ണം മാറിയിരിക്കുന്നെന്ന് യുഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിആര്‍ സ്വര്‍ണം ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുമ്പോള്‍ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും നിക്ഷേപ സ്ഥാപനങ്ങള്‍ക്കും അത് വാങ്ങാനാകും.
2025-ല്‍ റഷ്യയുടെ നാഷണല്‍ വെല്‍ഫെയര്‍ ഫണ്ടിന്റെ ആസ്തി 51.6 ബില്യന്‍ ഡോളറായി കൂപ്പുകുത്തിയിരുന്നു. 2022-ല്‍ ഇത് 113.5 ബില്യന്‍ ഡോളറായിരുന്നു. മാത്രമല്ല, നാഷണല്‍ വെല്‍ഫെയര്‍ ഫണ്ടിലെ സ്വര്‍ണശേഖരത്തിലും കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. 405.7 ടണ്ണില്‍നിന്ന് 173.1 ടണ്ണിലേക്കായിരുന്നു ചുരുങ്ങിയത്. ഇതോടെ മറ്റുമാര്‍ഗങ്ങളില്ലാതെ വരികയും സിബിആര്‍ കരുതല്‍ സ്വര്‍ണശേഖരത്തില്‍നിന്ന് വില്‍പന നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. സിബിആര്‍ ഇക്കൊല്ലം 30 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന 230 ടണ്‍ സ്വര്‍ണം വില്‍ക്കുമെന്നാണ് വിവരം. 2026-ല്‍ 114 ടണ്‍ സ്വര്‍ണം കൂടി വിറ്റേക്കും.
യുക്രൈന്‍ യുദ്ധം, അമേരിക്കയുടെ ഉപരോധം തുടങ്ങി വിവിധ ഘടകങ്ങള്‍ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചെന്നതിന്റെ തെളിവാണ് കരുതല്‍ ശേഖരത്തിലെ സ്വര്‍ണം വില്‍ക്കുന്നതിലേക്ക് സിബിആറിനെ നയിച്ചതെന്നാണ് വിലയിരുത്തുന്നത്.



