ശബരിമല: ദേവസ്വം ബോർഡിനു ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീർഥാടനമാണ് ഇത്തവണ. കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം വരുമാനം 310.40 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയ13,14,15 തീയതികളിലെ കാണിക്കയിലെ നോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ഇന്നലെ വരെയുള്ള വരുമാനം 315.46 കോടി രൂപയായി ഉയർന്നു.
നോട്ട് എണ്ണുന്നതിനു ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്. എന്നാലും എണ്ണിത്തീരുന്നില്ല. അന്നദാന മണ്ഡപത്തിലെ ഒരു മുറിയിൽ കൂടി ഇന്നലെ കാണിക്ക എണ്ണൽ തുടങ്ങി. തീർഥാടകരുടെ തിരക്ക് കുറഞ്ഞതോടെ എരുമേലി , നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് 60 ജീവനക്കാരെ പുതിയതായി എത്തിച്ചാണ് ഇതിൽ കാണിക്ക എണ്ണുന്നത്.