റിയാദ് : സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ന് മുതൽ (ഒക്ടോബർ 15) ഇ- പാസ്‌പോർട്ടുകൾ അനുവദിച്ചു തുടങ്ങും. 36 പേജുകളുള്ള ഡിജിറ്റൽ പാസ്‌പോർട്ടുകളിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാലാവധി പത്ത് വർഷമാണ്. 150 ലധികം രാജ്യങ്ങളിൽ നിലവിൽ ഇ-പാസ്‌പോർട്ടുകൾ നിലവിലുണ്ട്. ഔദ്യോഗിക പാസ്‌പോർട്ട് സേവാ വെബ്സൈറ്റിൽ ഡിജിറ്റൽ പാസ്‌പോർട്ടുകൾക്കുള്ള അപേക്ഷ സമർപ്പിക്കാം. ഇ-പാസ്‌പോർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് നടക്കും.
ഇ-പാസ്‌പോർട്ടിന്റെ വിതരണോദ്ഘാടനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിക്കും. ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ യാത്ര ചെയ്യുന്നവരുടെ ഇ-ഗേറ്റ് സംവിധാനം സുഗമമാക്കുന്നതിനും ഡിജിറ്റൽ പാസ്‌പോർട്ടുകൾ സഹായകമാകും.
ചിപ്പ് ഘടിപ്പിച്ച ആധുനിക പാസ്‌പോർട്ടാണ് ഇലക്ട്രോണിക് പാസ്‌പോർട്ട്. പേര്, വിലാസം, ജനനത്തീയതി, ഫോട്ടോ തുടങ്ങിയ എല്ലാ വ്യക്തിഗത വിവരങ്ങളും ഈ ചിപ്പിൽ സൂക്ഷിക്കും. ഇതിന് പുറമെ, വിരലടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും ഇ-പാസ്‌പോർട്ടിലുണ്ടാകും.



