തിരുവനന്തപുരം: അപ്രതീക്ഷിതമായ മുന്നേറ്റം നടത്തുന്ന ശശി തരൂരിനെതിരെ ചരടുവലികളുമായി എ. കെ. ആന്റണി അടക്കമുള്ള സീനിയര്‍ നേതാക്കള്‍ രംഗത്ത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ നേതാക്കള്‍. മാറുന്ന രാഷ്ട്രീയ കാലത്തിന് അനുയോജ്യമായി മാറുന്ന മുഖം നല്‍കാന്‍ ശശി തരൂരിനും കഴിയും എന്നിരിക്കെ ശശി തരൂരിനെ കേരളത്തിലെയടക്കം മുതിര്‍ന്ന നേതാക്കള്‍ ഭയക്കുന്നത് എന്തുകൊണ്ട്? ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്താതിരിക്കാന്‍ സീനിയര്‍ നേതാക്കള്‍ ചരടുവലി നടത്തുന്നതും എന്തുകൊണ്ട്?

ശശി തരൂര്‍ മത്സരത്തിനിറങ്ങുമ്പോള്‍ മുതല്‍ ഉയരുന്ന ചോദ്യം സ്വന്തം സംസ്ഥാനത്തെ സഹപ്രവര്‍ത്തകരുടെ പിന്തുണയാണ്. നെഹ്റു കുടുംബം തങ്ങള്‍ ആരേയും പിന്തുണയ്ക്കുന്നില്ലെന്ന് പരസ്യമായി പറയുമ്പോഴും കേരളത്തിലെയടക്കം സീനിയര്‍ നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് എന്നത് ശ്രദ്ധേയമാണ്. അന്തര്‍ദേശീയതലത്തിലടക്കം സേവനമുഷ്ഠിച്ച തരൂരിന് സ്വന്തം നാട്ടുകാരനെന്ന പരിഗണനപോലും നല്‍കാന്‍ പല നേതാക്കളും മറന്നു. എന്നാല്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ നേതാക്കളുടെ വോട്ട് മനസാക്ഷിയ്ക്കാകട്ടെ എന്ന നിലപാട് അവതരിപ്പിച്ചു എന്നതും മാതൃകാപരമാണ്.

കോണ്‍ഗ്രസിന്റെ ആദര്‍ശത്തിന്റെ മുഖമായി നില കൊള്ളുന്ന എ. കെ. ആന്റണി ഈ തിരഞ്ഞെടുപ്പില്‍ അതൊക്കെ മറന്നമട്ടാണ്. അമിതാവേശത്തോടെ അദ്ദേഹം ഖാര്‍ഗെയെ പരസ്യമായി പിന്തുണയ്ക്കുന്നതോടെ തനിയ്‌ക്കൊരു പക്ഷമുണ്ടെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതല്‍ തന്റെ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമങ്ങളാണ് ആന്റണിയില്‍ നിന്നും ഉണ്ടായത്. ഒടുവില്‍ ഖാര്‍ഗെയെ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ കോണ്‍ഗ്രസില്‍ തന്റെ മേധാവിത്വത്തിന്റെ വേരിളകാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹമെന്ന് വ്യക്തം. സോണിയാ ഗാന്ധിയുമായി ഇതു സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ അദ്ദേഹം നടത്തിയെന്ന സൂചനയുമുണ്ട്.
കോണ്‍ഗ്രസിനെ എല്ലാ കാലത്തും പ്രതിസന്ധിയിലേക്ക് നയിച്ച ആന്റണി അധ്യക്ഷ തിരഞ്ഞെടുപ്പിലും പുതിയ പ്രതിസന്ധികള്‍ സൃഷ്ട്ടിക്കുകയാണെന്ന അഭിപ്രായം പല യുവ നേതാക്കള്‍ക്കുമുണ്ട്. സീനിയര്‍ നേതാക്കളടക്കം കോണ്‍ഗ്രസ് വിട്ടു പോയപ്പോള്‍ മൗനം തുടര്‍ന്ന് ആന്റണി തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്നത് വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗം മാത്രമായി ആണെന്നും ഇവര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ പക്ഷം ചേരാതെ അതിനെ നയിക്കേണ്ട ആന്റണിയില്‍ നിന്നുണ്ടായ പെരുമാറ്റം സോണിയയിലും അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്.

കേരളത്തിലെ സീനിയര്‍ നേതാക്കളേ തന്റെ പക്ഷത്തേക്കു ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ആന്റണി ഇപ്പോള്‍. കെ. കരുണാകരന്റെ കാലം മുതല്‍ വലിയ പ്രതിസന്ധി കേരള രാഷ്ട്രീയത്തില്‍ സൃഷ്ട്ടിച്ച നേതാവാണ് എ. കെ. ആന്റണി. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് പിന്നില്‍ നിന്നു കുത്തിയും വി. എം. സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചുമൊക്കെ അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസിന് സൃഷ്ട്ടിച്ചത് വലിയ ദുരന്തങ്ങളാണ്. ഇപ്പോള്‍ സമാനമായ രീതിയുള്ള പെരുമാറ്റമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നതെന്നും ഇതു സംബന്ധിച്ച പരാതി രാഹുല്‍ ഗാന്ധിയെ കേരളത്തിലെ യുവനേതാക്കള്‍ അറിയിച്ചതായും സൂചനയുണ്ട്. ദിവസങ്ങളേളം ഡല്‍ഹിയില്‍ തങ്ങിയാണ് ആന്റണി ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ ചരടുവലികള്‍ നടത്തിയത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അടുക്കും ചിട്ടയും വ്യക്തമായി തിരിച്ചറിഞ്ഞ്, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചലനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പക്ഷേ ഖാര്‍ഗെയും തരൂരും ഏറ്റുമുട്ടുമ്പോഴത് തലമുറകളുടെ മത്സരമായി മാറുകയാണ്. എണ്‍പതുകാരനായ ഖാര്‍ഗെ വീണ്ടുമൊരു രാഷ്ട്രീയ കൗമാരത്തിന് ശ്രമിക്കുമ്പോഴത് സീനിയര്‍ നേതാക്കളുടെ ചരടുപാവ ആവാന്‍ മാത്രമാകും. കാഴ്ചപ്പാടുകളുടേയും മാറ്റങ്ങളുടേയും മത്സരം കൂടിയാണിത്. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍ അവരുടെ പ്രതിനിധിയായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഈ തിരഞ്ഞെടുപ്പില്‍ വീക്ഷിക്കുന്നത്. പ്രസ്ഥാനത്തിന്റെ മുന്നേറ്റം എന്നതിനേക്കാള്‍ തങ്ങളുടെ താല്‍പര്യങ്ങളുടെ സംരക്ഷകനായി അവര്‍ ഖാര്‍ഗെയെ കാണുന്നു എന്നതും ശ്രദ്ധേയമാണ്. ദേശീയ രാഷട്രീയമുപേക്ഷിച്ച് കേരളത്തില്‍ ചുവടുറപ്പിക്കുന്ന എ. കെ. ആന്റണിയും ഖാര്‍ഗെ പക്ഷക്കാരനാണ്. ഇന്ത്യയിലെ പല മുതിര്‍ന്ന നേതാക്കളേയും കൂട്ടുപിടിച്ച് തങ്ങളുടെ സംരക്ഷകനായി ഖാര്‍ഗെ വരണമെന്ന സന്ദേശം പടര്‍ത്തിയത് ആന്റണിയാണ്. തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ നടക്കില്ലെന്നും സീനിയര്‍ നേതാക്കള്‍ രാഷ്ട്രീയ ജീവിതത്തിന് ഇടവേള നല്‍കി വീട്ടിലിരിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുമെന്നും അവര്‍ക്ക് ഭയമുണ്ട്. ജി 23 നേതാക്കള്‍ ആദര്‍ശം മറന്ന് ഖാര്‍ഗെയെ പിന്തുണയ്ക്കുന്നതും അതുകൊണ്ടു തന്നെ. ജി 23 നേതാക്കളുടെ നിലപാടും രാഷ്ട്രീയനിരീക്ഷകര്‍ അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.
ദിഗ് വിജയസിങ്ങിന്റെ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശം വച്ചതും ആന്റണിയടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന സൂചനയുണ്ട്. സീനിയര്‍ നേതാക്കളുടെ ഈ കള്ളക്കളി മണത്തറിഞ്ഞാണ് യുവനേതാക്കള്‍ തരൂരിന് പരസ്യ പിന്തുണയുമായി രംഗത്തെത്തുന്നത്. ഇതില്‍ എ. കെ. ആന്റണിയുടെ മകനുണ്ട് എന്നതും ശ്രദ്ധേയമാണ്. നിലവിലെ പ്രതിസന്ധിയുടെ കാലത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന് തലമുറ മാറ്റവും അനിവാര്യമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന നെഹ്റു കുടുംബത്തിനുമുണ്ട്. എങ്ങനേയും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പു മാത്രമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതും. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ എന്ന പട്ടം ഖാര്‍ഗെയ്ക്ക് ചാര്‍ത്തി നല്‍കി അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളത്തിലെയടക്കം ചില നേതാക്കള്‍.
മാറുന്ന ആശയങ്ങളെ ചേര്‍ത്തുപിടിച്ച് യുവാക്കള്‍ക്ക് പിന്തുണ നല്‍കുന്ന നേതൃത്വമാണ് തരൂര്‍ വിഭാവനം ചെയ്യുന്നത്. കേരളത്തിലടക്കം യുവനേതാക്കള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതും ഇതുകൊണ്ടു തന്നെ. തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ തലമുറ മാറ്റത്തിന്റെ വ്യക്തമായ ചിത്രം കോണ്‍ഗ്രസിന് പകരുമെന്ന ഭയം സീനിയര്‍ നേതാക്കളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. കേരളത്തിലെ അടക്കം പല സീനീയര്‍ നേതാക്കളും മത്സരരംഗത്തേക്ക് എത്താന്‍ ഭയന്നു നിന്നപ്പോള്‍ ധൈര്യത്തോടെ തിരഞ്ഞെടുപ്പിനെ നേരാടാന്‍ തരൂര്‍ തയാറയത് പലരേയും കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. തരൂരിന്റെ ആദ്യ വിജയവും ഇതുതന്നെയായിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡിന് മുന്നിലും നെഹ്റു കുടുംബത്തിനു മുന്നിലും തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കാന്‍ തല മുതിര്‍ന്ന നേതാക്കള്‍ പണിഞ്ഞത് കുറച്ചൊന്നുമല്ല.
തരൂരിന്റെ പിന്തുണ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കിടയിലും അത് വ്യക്തമാണ്. ഹൈബി ഈഡന്‍ എംപിയാണ് തരൂരിന് പരസ്യ പിന്തുണയുമായി എത്തിയ ഒടുവിലത്തെ നേതാവ്. കെ. എസ്. ശബരീനാഥന്‍, മാത്യു കുഴല്‍നാടന്‍, തമ്പാനൂര്‍ രവി, എം. കെ. രാഘവന്‍, കെ. സി. അബു, എന്‍. കെ. അബ്ദുറഹ്‌മാന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്. കെ. എം. ഉമ്മര്‍, മഠത്തില്‍ നാണു, ഇ. രത്‌നവല്ലി, കെ. അരവിന്ദന്‍, പി. മോഹന്‍രാജ് തുടങ്ങിയവര്‍ ആദ്യം തന്നെ പിന്തുണ അറിയിച്ചവരാണ്. ഇവരില്‍ ഏറെയും ഉമ്മന്‍ ചാണ്ടി പക്ഷക്കാരാണ് എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുമെന്ന സൂചനയുണ്ട്. പ്രവാസി സംഘടനകള്‍ക്കിടയിലും തരുര്‍ അനുകൂല തരംഗമാണ് നവമാധ്യമങ്ങളിലടക്കം വ്യക്തമാകുന്നത്.