ആലപ്പുഴ: എസ്‍എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ സാഹചര്യത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് പിന്മാറ്റത്തെ കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതേയുള്ളൂ. അതിന്റെ അടിസ്ഥാനത്തിൽ മറുപടി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി.
‘കാര്യങ്ങൾ പൂർണമായി അറിഞ്ഞ ശേഷം മറുപടി പറയാം. ചോദ്യങ്ങളും മറുപടികളും ഇപ്പോൾ അപ്രസക്തമാണ്. കുറച്ചുകഴിയട്ടെ’- വെള്ളാപ്പള്ളി നടേഷൻ കൂട്ടിച്ചേർത്തു. പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് നായർ-ഈഴവ ഐക്യത്തിൽ നിന്നുള്ള എൻഎസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടർ ബോർഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.



