ദുബായ് : യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). സന്ദർശക വീസ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ നിവാസികൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് മാസ വരുമാന പരിധി നിശ്ചയിച്ചത്.
പുതിയ നിയമപ്രകാരം, ഒരാൾക്ക് അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് സ്പോൺസർ ചെയ്യണമെങ്കിൽ മാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. എന്നാൽ, വെല്ലുവിളി ഉയർത്തുന്നത് അടുത്ത ബന്ധുക്കളല്ലാത്തവരെ കൊണ്ടുവരുമ്പോളാണ്. രണ്ടാം തലത്തിലോ മൂന്നാം തലത്തിലോ ഉള്ള ബന്ധുക്കളെ (Second- or third-degree relatives) സ്പോൺസർ ചെയ്യണമെങ്കിൽ പ്രവാസിയുടെ മാസവരുമാനം 8,000 ദിർഹത്തിൽ കുറയാൻ പാടില്ല. ഇതിലും ഉയർന്ന ശമ്പളമാണ് സുഹൃത്തുക്കളെ സ്പോൺസർ ചെയ്യാൻ വേണ്ടത്; അവർക്ക് കുറഞ്ഞത് 15,000 ദിർഹം മാസശമ്പളം നിർബന്ധമാണ്. സുതാര്യത ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നാണ് ഐസിപിയുടെ വിശദീകരണം.



