ഊബര്‍ ഓട്ടോയില്‍ യാത്ര ചെയ്ത യുവാവിന് ഓട്ടോക്കൂലിയായി വന്നത് 7 കോടിരൂപ. പൂനെയിലാണ് സംഭവം. ദീപന്‍ഷ് പ്രതാപ് എന്ന യുവാവിനാണ് ഊബര്‍ ആപ്പ് മുഖേന ഓട്ടോയില്‍ യാത്ര ചെയ്തതിന് വലിയൊരു തുക വണ്ടിക്കൂലിയായി വന്നത്. പണം നല്‍കിയില്ലെങ്കില്‍ അത് താന്‍ നല്‍കേണ്ടി വന്നാലോ എന്നു ഭയന്ന് ഡ്രൈവര്‍ യുവാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവാവ് അറിയിച്ചു.
ലഭിച്ച ബില്ലടക്കം യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബില്ലില്‍ 7 കോടിയലധികം രൂപയാണ് ഓട്ടോക്കൂലിയായി നല്‍കണമെന്ന് കാണിച്ചത്. ‘എങ്ങനെയാണ് ഒരു ഓട്ടോ യാത്രയ്ക്ക 7 കോടിയിലധികം രൂപ ബില്‍ വരുന്നത്? ഇതൊരു ചാര്‍ട്ടഡ് വിമാനമാകാത്തത് ഭാഗ്യം’ എന്ന കുറിപ്പോടെയാണ് യുവാവ് ബില്ല് പങ്കുവച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. വലിയ തുക വണ്ടിക്കൂലിയായി വരാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. യുവാവിന്‍റെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും കമ്പനി പ്രതികരിച്ചു. കഴിഞ്ഞ ദിവസം നോയിഡയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.