സെന്റ്പീറ്റേഴ്സ് ബർഗ്: സാമ്പത്തിക വലുപ്പത്തിൽ ബ്രിക്സ് കൂട്ടായ്മ ജി7 രാജ്യങ്ങളെ മറികടന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. വരും വർഷങ്ങളിൽ ഈ മുന്നേറ്റം ഇനിയും ശക്തമാകുമെന്നും, ആഗോള സാമ്പത്തിക വളർച്ചയുടെ കേന്ദ്രം ക്രമേണ ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ (SPIEF 2026) സംസാരിക്കവേയാണ് പുതിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ ആഗോള ആഭ്യന്തര ഉത്പ്പാദനത്തിന്റെ വളർച്ച പരിശോധിച്ചാൽ, അതിന്റെ പകുതിയോളം (49%) സംഭാവന ചെയ്തത് ബ്രിക്സ് രാജ്യങ്ങളാണ്. അതേസമയം, ജി7 രാജ്യങ്ങളുടെ വിഹിതം വെറും 18% മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജി7 രാജ്യങ്ങൾ പരമാവധി 1.1% വളർച്ചാ നിരക്ക് കൈവരിക്കുമ്പോൾ, ബ്രിക്സ് രാജ്യങ്ങൾ 4 ശതമാനത്തിലധികം വളർച്ച നേടുമെന്ന് പുതിൻ പ്രവചിച്ചു. 2020-ൽ തന്നെ ബ്രിക്സ് ജി7-നെ മറികടന്നുവെന്നും ഈ വിടവ് ഇനിയും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ റഷ്യയുടെ പ്രധാന പങ്കാളി എന്നാണ് പുതിൻ വിശേഷിപ്പിച്ചത്. ആഗോള സോഫ്റ്റ്വെയർ വിപണിയിൽ വലിയ പങ്കുവഹിക്കുന്ന ഇന്ത്യ, ഐടി വ്യവസായത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള കയറ്റുമതിയുടെ 20 ശതമാനവും ഇപ്പോൾ ബ്രിക്സ് രാജ്യങ്ങളുടെ വിഹിതമാണ്. അംഗരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം പ്രതിവർഷം 1 ട്രില്യൺ ഡോളറിന് മുകളിലെത്തിയതായും അദ്ദേഹം അറിയിച്ചു. സാമ്പത്തിക വ്യവസ്ഥയുടെയും വ്യാപാരത്തിന്റെയും കേന്ദ്രം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്ന് പുതിൻ നിരീക്ഷിച്ചു.
ബ്രിക്സ് കൂട്ടായ്മ അമേരിക്കൻ ഡോളറിന് ഭീഷണിയാണെന്നും അംഗരാജ്യങ്ങൾക്ക് മേൽ 100% താരിഫ് ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിന്റെ ഈ ഉറച്ച നിലപാട് എന്നത് ശ്രദ്ധേയമാണ്. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളും ബ്രിക്സ് സഖ്യത്തിന്റെ ഭാഗമാണ്. ഈ വർഷം ബ്രിക്സിന്റെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്.
Leave a Comment
Your comment will be visible after admin approval.