ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാർ തെരുവിലിറങ്ങി, വാഹനങ്ങളും കെട്ടിടങ്ങളും കത്തിച്ചു

Global Indian Writer · June 10, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: കത്തികുത്തിൽ ഒരാൾക്ക് പരിക്കേറ്റ കേസിൽ സുഡാനി പൗരൻ അറസ്റ്റിലായതിനു പിന്നാലെ ബ്രിട്ടണിലെ ബെൽഫാസ്റ്റ് നഗരത്തിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായി. വാഹനങ്ങളും കെട്ടിടങ്ങളും കത്തിച്ചു. മുഖംമൂടി ധരിച്ച നൂറുകണക്കിന് പ്രതിഷേധക്കാർ ചൊവ്വാഴ്ച നഗരത്തിലുടനീളം പലയിടത്തും തടിച്ചുകൂടി. പ്രതിഷേധക്കാർ ഒരു ബസിനും നിരവധി കാറുകൾക്കും നഗരമധ്യത്തിനടുത്തുള്ള ഒരു കെട്ടിടത്തിനും തീയിടുകയും പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തതായി താമസക്കാർ എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം വടക്കൻ ബെൽഫാസ്റ്റിൽ കത്തി ആക്രമണം നടന്നു. പ്രതിക്കെതിരെ കൊലപാതകശ്രമം, പൊതുസ്ഥലത്ത് ബ്ലേഡുള്ള ആയുധം കൈവശം വയ്ക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത 30 വയസ്സുള്ള ആൾ ബുധനാഴ്ച കോടതിയിൽ ഹാജരാകും. ആക്രമണത്തിൽ 40 വയസ്സുള്ള ഇരയുടെ കണ്ണുകളിൽ സാരമായ പരിക്കേറ്റിരുന്നു.

കത്തി ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ പോലീസ് എത്തുന്നതിനുമുമ്പ് നിരവധി പൊതുജനങ്ങൾ അക്രമിയെ ചെറുക്കാൻ ശ്രമിക്കുന്നത് കാണാം.ആക്രമണത്തെ “ഭയാനകം, അസ്വസ്ഥജനകം” എന്നിങ്ങനെയാണ് യു.കെ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ എക്സിൽ വിശേഷിപ്പിച്ചത്. “നമ്മുടെ തെരുവുകളിൽ ഇതുപോലുള്ള അക്രമത്തിന്റെ വെറുപ്പുളവാക്കുന്ന ദൃശ്യങ്ങളോട് എനിക്ക് ഒട്ടും സഹിഷ്ണുതയില്ല” എന്നും അദ്ദേഹം പറഞ്ഞു. സൗതാംപ്ടണിൽ ഒരു വിദ്യാർഥിയുടെ കൊലപാതകത്തെത്തുടർന്ന് യു.കെ.യിൽ അഭയാർഥി വിരുദ്ധ വികാരം ശക്തിപ്പെടുന്നതിനിടെയാണ് കത്തി ആക്രമണം ഉണ്ടായത്.

Share this story

Leave a Comment

Your comment will be visible after admin approval.