ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി പേടകമിറക്കി ഇന്ത്യ സ്വന്തമാക്കിയ അഭിമാനനേട്ടത്തിന് ഞായറാഴ്ച മൂന്നുവയസ്സ്. 2023 ഓഗസ്റ്റ് 23-നായിരുന്നു ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രോപരിതലത്തിൽ ശാസ്ത്രലോകം തിരിച്ചറിയാതിരുന്ന നിരവധി നിഗൂഢതകളിലേക്ക് വെളിച്ചംവീശാൻ ദൗത്യത്തിനു കഴിഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യരാജ്യമായി ഇന്ത്യമാറി. ഈ നേട്ടം അടയാളപ്പെടുത്താനാണ് എല്ലാ വർഷവും ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശദിനമായി ആചരിക്കുന്നത്. പേടകത്തിന്റെ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേര് നൽകിയിരുന്നു. ഈ പേരിന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ അംഗീകാരമുണ്ട്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി സൾഫറിന്റെ സാന്നിധ്യംകണ്ടെത്തിയത് ചന്ദ്രയാൻ-3 ന്റെ പരീക്ഷണങ്ങളാണ്. ചന്ദ്രന്റെ മേൽമണ്ണിലും ആഴത്തിലുമുള്ള താപനിലയിലെ വലിയ രീതിയിലുള്ള വ്യത്യാസത്തിലേക്കും വെളിച്ചം വീശി. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങൾ രേഖപ്പെടുത്താനും ഈ ദൗത്യത്തിന് കഴിഞ്ഞു. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സിന്റെ ബഹിരാകാശരംഗത്തെ ഉന്നത ബഹുമതിയായ ഗൊദാർദ് ആസ്ട്രോനോട്ടിക്സ് പുരസ്കാരം ഇക്കൊല്ലം ചന്ദ്രയാൻ-3 സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര അസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ ലോക ബഹിരാകാശ പുരസ്കാരം 2024-ൽ ചന്ദ്രയാൻ-3 ന് ലഭിച്ചിരുന്നു.
ആഘോഷം അഹമ്മദാബാദിൽ
ഇന്ത്യൻ ബഹിരാകാശഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബഹിരാകാശവകുപ്പ് ഇത്തവണ ദേശീയ ബഹിരാകാശ ദിനാചരണം സംഘടിപ്പിക്കുന്നത്. ‘കണ്ടുപിടിത്തം, പങ്കാളിത്തം, ആഗോള ബഹിരാകാശ നേതൃത്വത്തിലേക്കുള്ള പ്രചോദനം എന്നിവയിലൂടെ വികസിതഭാരതം’ എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രമേയം.
പ്രവേശിക്കുന്നത് ആവേശകരമായ ഘട്ടത്തിലേക്ക് – ഐ.എസ്.ആർ.ഒ. ചെയർമാൻ
ഭൗമനിരീക്ഷണം, ആശയവിനിമയം, നാവിഗേഷൻ, ഹ്യൂമൻ സ്പെയ്സ് ഫ്ലൈറ്റ്, പ്ലാനറ്റ് എക്സ്പ്ലോറേഷൻ തുടങ്ങിയവയിലെ മുന്നേറ്റങ്ങളിലൂടെ ആവേശകരമായ ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുകയാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. മൂന്നാം ബഹിരാകാശദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഘോഷം ഇന്ത്യയുടെ യുവമനസ്സുകളെ പ്രചോദിപ്പിക്കട്ടെയെന്നും പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.