ചന്ദനപ്പള്ളി: ചന്ദനപ്പള്ളി വലിയപള്ളി ഇടവക നൽകുന്ന അനുഭവം ഏറെ സന്തോഷം പകരുന്നതാണെന്നും, വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാമത്തെ ഭവനം കൂടി നിർമ്മിച്ച് നൽകുന്നത് ആ സന്തോഷത്തെ ഇരട്ടിപ്പിക്കുന്നതാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പറഞ്ഞു. ചന്ദനപ്പള്ളി വലിയപള്ളിയിൽ രണ്ടാമത് സ്നേഹഭവനത്തിനായുള്ള ശിലാശീർവാദം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലങ്കര സഭയിൽ ആദ്യമായി സ്നേഹ ചലഞ്ച് ഏറ്റെടുത്ത് ഭവനനിർമാണത്തിന് മുന്നോട്ടുവന്ന ചന്ദനപ്പള്ളി ഇടവകയെ പ്രത്യേകം അഭിനന്ദിക്കുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു. കർത്താവ് നന്മ ചെയ്യാനാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നതെന്നും നന്മയുടെ പ്രവർത്തനങ്ങളിൽ നമ്മെ ശക്തിപ്പെടുത്തുന്ന ദൈവത്തെ മഹത്വപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചന്ദനപ്പള്ളിക്ക് പിന്നാലെ കടമറ്റം, കോലഞ്ചേരി ഉൾപ്പെടെ നിരവധി ദേവാലയങ്ങൾ ഭവനനിർമാണവുമായി മുന്നോട്ടുവന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

കുരിശിന്റെ സന്ദേശം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണെന്ന് അനുഗ്രഹപ്രഭാഷണത്തിൽ മലങ്കരയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമീസ് പറഞ്ഞു. സമാധാനമില്ലാത്ത കുടുംബങ്ങളിലും ഇടങ്ങളിലും സ്നേഹത്തിന്റെ മാറ്റൊലി ഉണ്ടാകണം. കർത്താവിന്റെ കുരിശിലൂടെ നിത്യജീവന്റെ വഴി നമുക്ക് തുറന്നുകിട്ടിയെന്നും കുരിശ് വഹിക്കുന്നവർക്കും കുരിശിനെപ്രതി കഷ്ടത സഹിക്കുന്നവർക്കും ദൈവത്തിന്റെ ജീവകിരീടം ലഭിക്കുമെന്നത് വാഗ്ദാനമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രക്ഷകൻ തറയ്ക്കപ്പെട്ട കുരിശ് ലോകത്തിലെ ഏറ്റവും വലിയ അടയാളമാണെന്നും അതിന് തുല്യമായ മറ്റൊരു അടയാളമില്ലെന്നും മാർ ക്ലിമീസ് പറഞ്ഞു. കുരിശിലൂടെ പ്രത്യേകമായ ശക്തി മനുഷ്യരിലേക്ക് പകരുന്നു. ലോകത്തിന്റെ പ്രകാശമായ കർത്താവിന്റെ ദൈവികസ്നേഹം ഒരു തിരിയുടെ പ്രകാശംപോലെ ഓരോ ഹൃദയത്തിലും ജ്വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദനപ്പള്ളി വലിയപള്ളി മലങ്കര സഭയ്ക്ക് അഭിമാനകരമായ മാതൃക സൃഷ്ടിച്ചതായി ഇടവക വികാരി ഫാ. സുനിൽ എബ്രഹാം ആമുഖ പ്രസംഗം നടത്തി പറഞ്ഞു. ഇടവകയുടെ ലോക പ്രവാസി കൂട്ടായ്മ ഏറ്റെടുത്ത് നടപ്പാക്കിയ ആദ്യ സ്നേഹഭവന ദൗത്യം പ്രചോദനാത്മകമായിരുന്നു. അതിന്റെ തുടർച്ചയായി ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടാമത് സ്നേഹഭവനം നിർമ്മിക്കുന്നത്. ഈ വർഷം ലക്ഷ്യമിടുന്ന രണ്ടാമത്തെ ഭവനം എന്ന പ്രത്യേകതയും പദ്ധതിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുമ്പമൺ ഭദ്രാസന സെക്രട്ടറി വന്ദ്യ ജോൺസൺ കല്ലട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ നിരവധി വൈദികരും സഭാ സ്ഥാനികളും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. പരിശുദ്ധ കാതോലിക്കാ ബാവാ പ്രത്യേക പ്രാർഥനകളോടെ ആശീർവദിച്ച രണ്ടാമത് സ്നേഹഭവനത്തിനുള്ള ശില ഇടവക ട്രസ്റ്റി ഷിജു തങ്കച്ചനും സെക്രട്ടറി ടി. എം. വർഗീസിനും കൈമാറി. അസി.വികാരി ഫാ. ജോബിൻ യോഹന്നാൻ നന്ദി പറഞ്ഞു. ഫാ. ലിജോ തൂക്കനാൽ ധ്യാന പ്രസംഗം നയിച്ചു.

തുടർന്ന് സ്ലീബാ പെരുന്നാളിനോടനുബന്ധിച്ച് ചന്ദനപ്പള്ളി വലിയകുരിശടിയിലേക്ക് ഭക്തിനിർഭരമായ റാസ നടന്നു. കുരിശടിയിലെ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്കും ധൂപപ്രാർഥനയ്ക്കും ശേഷം വെള്ള പാച്ചോർ നേർച്ചയായി വിതരണം ചെയ്തു. ആയിരക്കണക്കിന് വിശ്വാസികൾ റാസയിലും പ്രാർഥനാ ശുശ്രൂഷകളിലും പങ്കെടുത്തു.
Leave a Comment
Your comment will be visible after admin approval.