കോംഗോയിൽ എബോള പ്രതിസന്ധി രൂക്ഷമെന്ന് യൂണിസെഫ്: 743 കുട്ടികൾക്ക് രോഗബാധ, 330 പേർ മരിച്ചു

Global Indian Writer · August 8, 2026 · 1 min read · 0 Comments · 0 Shares

ബ്രാസ് വില്ലി:വിവിധ പ്രതിസന്ധികൾ നിലനിൽക്കുന്ന കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിൽ (RDC) എബോള ബാധിതരുടെ എണ്ണം രൂക്ഷമായ തോതിൽ വർദ്ധിച്ചുവരുന്നു. 2026 ഓഗസ്റ്റ് 2 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്ത് ഇതിനോടകം 743 കുട്ടികളിൽ എബോള രോഗബാധ സ്ഥിരീകരിച്ചുവെന്നും, 330 കുട്ടികൾ മരണമടഞ്ഞെന്നും ഓഗസ്റ്റ് 6 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു.

എബോള രോഗവ്യാപനസാധ്യതയുടെ കൂടി ഭീതിയിൽ, രാജ്യത്ത് ആരോഗ്യസേവനരംഗത്ത് പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെന്നും, ഇത് കൂടുതൽ ചികിത്സ തേടുന്നതിൽനിന്ന് ആളുകളെ അകറ്റി നിറുത്തുന്നുണ്ടെന്നും കോംഗോയിലെ യൂണിസെഫ് പ്രതിനിധി ജോൺ അഗ്‌ബോർ (John Agbor) അറിയിച്ചു.

2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ ബുനിയ, മൊംഗ്ബ്വാലു, നിസി, റ്വാംപര തുടങ്ങി നിരവധി രോഗബാധിത മേഖലകളിൽ അത്യാവശ്യ ആരോഗ്യസേവനങ്ങൾ തേടുന്ന ആളുകളുടെ എണ്ണത്തിൽ 42 ശതമാനം കുറവുവന്നുവെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയതും അതിവേഗം വ്യാപിക്കുന്നതുമായ എബോള പകർച്ചവ്യാധിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് യൂണിസെഫ് വിലയിരുത്തുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ആരോഗ്യസേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ 13,000-ത്തോളം സാമൂഹ്യ ആരോഗ്യപ്രവർത്തകരെ വിന്യസിച്ചതായും 24 ലക്ഷത്തിലധികം ആളുകളിലേക്ക് ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതായും യൂണിസെഫ് അറിയിച്ചു.

ജീവൻ രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ 113.45 ദശലക്ഷം ഡോളറിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഏകദേശം 89.9 ദശലക്ഷം ഡോളറിന്റെ ധനക്കമ്മിയുണ്ടെന്ന് അറിയിച്ച ശിശുക്ഷേമനിധി, കോംഗോയിലെ അടിസ്ഥാന ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ധനസഹായം ആവശ്യമുണ്ടെന്ന് ഓർമ്മിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.