ലണ്ടൻ: മൂന്ന് വയസ്സുകാരിയായ മകളെ മനഃപൂർവം പട്ടിണിക്കിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 34 വയസ്സുകാരിയായ മൻപ്രീത് ജാതന, 36 വയസ്സുകാരനായ ജസ്കിരത് സിങ് ഉപ്പൽ എന്നിവർക്കെതിരെയാണ് കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയത്. ഡിസംബർ 16ന് അടുത്ത വാദം കേൾക്കുന്നതുവരെ ദമ്പതികളെ കോടതി റിമാൻഡിൽ വിട്ടു. ഓൾഡ് ബെയ്‌ലി ക്രിമിനൽ കോടതിയിലെ ജഡ്ജി ലിൻ ടേട്ടൺ ആണ് വാദം കേട്ടത്.
വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ദമ്പതികൾ തങ്ങളുടെ മകളെ ദീർഘകാലം ഉപദ്രവിച്ചെന്നും മനഃപൂർവം പട്ടിണിക്കിട്ടുവെന്നും പോലീസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യം കുട്ടിയുടെ മരണത്തിലേക്ക് നയിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതക കുറ്റം, നരഹത്യ, മകളെ ഉപേക്ഷിക്കുക, കഷ്ടപ്പാടുകൾ ഉണ്ടാക്കി തുടങ്ങിയ നിരവധി കുറ്റങ്ങളാണ് ദമ്പതികൾക്കെതിരെ ചുമത്തിയത്.



