ഹെൽസിങ്കി: രണ്ടുമാസം മുൻപ് ഫിൻലൻഡിൽ വച്ച് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ ശേഷം മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മനിദീപ് റെഡ്ഡി (18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെൽസിങ്കിയിലെ ക്രൂണുവോറെൻറാന്റ മേഖലയിലെ കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫിൻലൻഡ് പൊലീസ് അറിയിച്ചു. മരണകാരണം ദേശീയ അന്വേഷണ ബ്യൂറോ പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ലപ്പീന്രാന്റ–ലാഹ്തി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ്ങിൽ ബിരുദ പഠനം നടത്തുകയായിരുന്നു മനിദീപിനെ മേയ് അഞ്ചിനാണ് ജീവനോടെ അവസാനമായി കണ്ടത്. ലാഹ്തിയിൽ നിന്ന് ട്രെയിനിൽ ഹെൽസിങ്കിയിലെത്തിയ മനിദീപ് വൈകിട്ട് അഞ്ച് മണിയോടെ ഹെൽസിങ്കി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയെന്നും തുടർന്ന് രാത്രി എട്ടോടെ ക്രൂണുവോറെൻറാന്റയിലെ കെ–മാർക്കറ്റ് സൂപ്പർമാർക്കറ്റിൽ പ്രവേശിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പിന്നീട് മനിദീപ് എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ജൂലൈ 9ന് നടത്തിയ തിരച്ചിലിനിടെയാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം ലഭിച്ച പഴ്‌സിലുണ്ടായിരുന്ന ഫിൻലൻഡ് തിരിച്ചറിയൽ കാർഡ്, അമ്മയുടെ ബാങ്ക് കാർഡ്, ഇന്ത്യൻ കറൻസി എന്നിവയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം മനിദീപിന്റേതാണെന്ന് സ്ഥിരീകരിച്ചതെന്ന് ഫിൻലൻഡ് പൊലീസ് അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.