“ആരാണ് വർഗവഞ്ചകൻ എന്നും ആർക്കാണ് അധികാരമോഹമെന്നും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു”: എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ മറുപടിയുമായി ടി.കെ. ഗോവിന്ദൻ

Global Indian Writer · July 5, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘വർഗവഞ്ചകർ’ പരാമർശത്തിൽ മറുപടിയുമായി തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദൻ. ആരാണ് വർഗവഞ്ചകൻ എന്നും ആർക്കാണ് അധികാരമോഹമെന്നും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അധികാരമോഹവും പാർലമെന്ററി മോഹവും സി.പി.എമ്മിനകത്ത് കൊടികുത്തി വാഴുകയാണ്. അത് തിരിച്ചറിയാൻ എം.വി. ഗോവിന്ദൻ തയാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു.

‘വർഗവഞ്ചകനെന്നും അധികാരമോഹിയെന്നുമാണ് എന്നെ കുറിച്ച് പറയുന്നത്. ആർക്കാണ് അധികാര മോഹം?  മൂന്ന് തവണ എം.എൽ.എ. ആയിരുന്ന ആൾ നാലാമത്തെ തവണ എന്റെ ഭാര്യ എം.എൽ.എ. ആവട്ടെ എന്ന് പറയുന്നതാണോ അധികാരമോഹം, അതോ അതിനെ എതിർത്തതാണോ അധികാരമോഹം? അത് ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു, എന്നിട്ടും അയാൾ അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. നിരവധി തവണ എം.എൽ.എയും മന്ത്രിയുമായ ആൾ വിട്ടുകൊടുക്കാതെ മത്സരിക്കുകയാണ്, പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനെ തോൽപ്പിച്ചത് 22 വയസ്സുള്ള ഒരു കുട്ടിയാണ്. കാരണം അവിടത്തെ ജനങ്ങൾ പറയുകയാണ് നിങ്ങളെ വേണ്ടെന്ന്. അത് സി.പി.എമ്മിന് മനസ്സിലാകുന്നില്ലേ? അതൊക്കെ അല്ലേ പാർലമെന്ററി വ്യാമോഹമെന്ന് അദ്ദേഹം ചോദിച്ചു. 

ഈ പാർട്ടിയെ തെറ്റായ രീതിയിൽ നയിക്കുകയും പാർട്ടിയും പാർട്ടി ഘടകങ്ങൾ അംഗീകരിക്കാത്ത സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത വർഗവഞ്ചകൻ നിങ്ങളാണെന്ന് ഇനിയെങ്കിലും എം.വി. ഗോവിന്ദൻ മനസ്സിലാക്കണം. ഇനിയും അത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഞങ്ങളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാവില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.

സി.പി.എം. വിമതർ വർഗവഞ്ചകരാണെന്നായിരുന്നു എം.വി. ഗോവിന്ദൻ നേരത്തെ വിമർശിച്ചത്. സുധാകരനും ടി.കെ. ഗോവിന്ദനും, വി. കുഞ്ഞികൃഷ്ണനും എടുത്ത നിലപാട് പാർട്ടിയെ വഞ്ചിച്ച് ചതിച്ചു പോകുന്നനിലയാണ്. അത് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും തെറ്റുതിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.