ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു. ദമ്പതികളും ഒരു സ്ത്രീയുമാണ് മരിച്ച മറ്റുള്ളവർ. ആരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അൽ ലാവ്സി മേഖലയിലെ കെട്ടിടത്തിന് ഇന്നലെ വൈകിട്ടാണ് തീപിടിച്ചത്. ഒട്ടേറെപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിലെ 20 താമസക്കാരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
32 അപാർട്മെന്റുകളിലെ താമസക്കാരെയാണ് ഒഴിപ്പിച്ചത്. വിവരം അറിഞ്ഞയുടൻ ഏഴ് യൂണിറ്റ് അഗ്നിശമനസേനയും 48 ഉദ്യോഗസ്ഥരുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. അഗ്നിപടർന്നതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി.