അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; ഹേഗിലെ രാജ്യാന്തര ദേവാലയത്തിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു

Global Indian Writer · July 7, 2026 · 1 min read · 0 Comments · 0 Shares

സെബിൻ പയസ്

ഹേഗ്: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് നെതർലൻഡ്‌സിലെ ഹേഗിലുള്ള പ്രശസ്തമായ ‘ചർച്ച് ഓഫ് അവർ സേവിയർ’ രാജ്യാന്തര ദേവാലയത്തിൽ പ്രത്യേക പ്രാർഥനയും ആഘോഷപരിപാടികളും സംഘടിപ്പിച്ചു. അമേരിക്കയും നെതർലൻഡ്‌സും തമ്മിലുള്ള ദീർഘകാല നയതന്ത്ര ബന്ധവും സൗഹൃദവും പുതുക്കുന്നതായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടന്ന ഈ ആഘോഷ ചടങ്ങുകൾ.

നെതർലൻഡ്‌സിലെ യുഎസ് അംബാസഡർ ജോസഫ് പോപ്പോലോ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അമേരിക്കയുടെ രൂപീകരണ കാലം മുതൽ നെതർലൻഡ്‌സ് നൽകിയ പിന്തുണയും ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദവും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഓർമിപ്പിച്ചു. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന പ്രധാന മൂല്യങ്ങളിലൊന്ന് മതസ്വാതന്ത്ര്യമാണെന്നും, ഈ അടിസ്ഥാന അവകാശം സംരക്ഷിക്കുന്നത് ഇരു രാഷ്ട്രങ്ങളെയും കൂടുതൽ ശക്തമാക്കുമെന്നും ചടങ്ങിന് നന്ദി പറഞ്ഞുകൊണ്ട് അംബാസഡർ വ്യക്തമാക്കി.

ഫാദർ ഡോ. ഷാക്ക് ഡി ബോർ, ഡീക്കൻ പൗലോസ് ഫാൽക്കെ എന്നിവർ പ്രത്യേക പ്രാർഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി. ചടങ്ങിന് മുന്നോടിയായി, യുഎസ് മുൻ സൈനികരുടെ കൂട്ടായ്മയായ ‘അമേരിക്കൻ ലെജിയന്റെ’ നെതർലൻഡ്‌സ് ചാപ്റ്റർ അംഗങ്ങൾ അമേരിക്കയുടെയും നെതർലൻഡ്‌സിന്റെയും ദേശീയ പതാകകൾ ഉയർത്തി ഔദ്യോഗിക ‘കളർ ഗാർഡ്’ പരേഡ് നടത്തി. ഇത് ചടങ്ങുകൾക്ക് ഔദ്യോഗിക ഗാംഭീര്യവും പാരമ്പര്യ തനിമയും നൽകിയതായി യുഎസ് അംബാസഡർ കൂട്ടിച്ചേർത്തു. പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം പങ്കെടുത്തവർക്കായി പാരമ്പര്യ ശൈലിയിലുള്ള ബ്രൗണികളും കുക്കീസും ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളും വിതരണം ചെയ്തു.

Share this story

Leave a Comment

Your comment will be visible after admin approval.