തെഹ്റാൻ: ഇടക്കാല കരാറിലെ ഏഴ് നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഹുർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാൻ. പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്കിടെ ഇറാൻ ഒരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. നിബന്ധനകൾ പാലിക്കപ്പെടുകയാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഹുർമുസ് കടലിടുക്ക് തുറക്കാനും സമുദ്ര ഗതാഗതം സാധാരണ നിലയിലാക്കാനും കഴിയുമെന്നായിരുന്നു നിർദേശം. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നിലപാട് വ്യക്തവും ഉറച്ചതുമാണ്. ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള തങ്ങളുടെ ഏഴ് നിബന്ധനകൾ നടപ്പാക്കുന്നത് വരെ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഖാലിബാഫ് പറഞ്ഞു. നയതന്ത്ര നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിന്റേയും ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റേയും കാലം കഴിഞ്ഞെന്ന് വാഷിങ്ടൺ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസിന് ഇടനിലക്കാർ വഴി വിശദ മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
അമേരിക്കക്കാരുടെ നിർദേശങ്ങൾ അവരുടെ മുൻകാല നിലപാടുകളുമായി, പ്രത്യേകിച്ച് ആണവ വിഷയത്തിൽ ഏറെക്കുറെ സാമ്യമുള്ളവയാണ്. ഈ ഘട്ടത്തിൽ തങ്ങളുടെ ശ്രദ്ധ ഹുർമുസ് കടലിടുക്കിലാണെന്നും സമുദ്രപാതയിൽ സുരക്ഷിത യാത്ര തിരിച്ചുകൊണ്ടുവരുന്നതിൽ യു.എസാണ് മുൻകൈയെടുക്കേണ്ടതെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഘായി വ്യക്തമാക്കി. യു.എസിന്റെ ഉപരോധം നീക്കുന്നതിന് പകരമായി ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യു.എൻ ആണവ നിരീക്ഷണ ഏജൻസിയുടെ പരിശോധന നടത്താൻ ഇറാൻ സമ്മതിച്ചെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു.
വാഷിങ്ടണുമായി തങ്ങൾ ആണവ ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, വാഷിങ്ടൺ നയതന്ത്ര മാർഗം തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.എസ് വീണ്ടും സൈനിക നടപടിയിലേക്ക് കടന്നാൽ ശക്തമായി തിരിച്ചടിക്കാൻ തങ്ങൾ സജ്ജമാണെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള തങ്ങളുടെ ഉപാധികൾ ഇറാൻ വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്നും വാഷിങ്ടൺ നയതന്ത്ര മാർഗം തെരഞ്ഞെടുക്കുമെന്നും തങ്ങളുടെ നിർദേശം അംഗീകരിക്കുമെന്നും അരാഗ്ചി പ്രതീക്ഷ പങ്കുവെച്ചു.
Leave a Comment
Your comment will be visible after admin approval.