സൻആ: യമനിലെ ഹൂതി വിമതർ ദക്ഷിണ ചെങ്കടലിലെ തന്ത്രപ്രധാനമായ ഗ്രേറ്റർ ഹനീഷ്, ലെസർ ഹനീഷ് ദ്വീപുകൾ പിടിച്ചെടുത്തതായി യമൻ സർക്കാർ വൃത്തങ്ങളും ഹൂതി വിഭാഗവും അറിയിച്ചു. ഇതോടെ പ്രധാന അന്താരാഷ്ട്ര കപ്പൽപാതയായ ബാബുൽ മന്ദബ് മേഖലയിൽ ഹൂതികളുടെ നിയന്ത്രണം കൂടുതൽ ശക്തമായി. യെമൻ സർക്കാർ സേന വിമതരുടെ പടിഞ്ഞാറൻ തീരത്തെ അതിവേഗ മുന്നേറ്റം ചെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൂടുതൽ ദ്വീപുകളുടെ നിയന്ത്രണം നഷ്ടമായിരിക്കുന്നത്.
അതിനിടെ സൗദി അറേബ്യയിലെ തെക്കൻ നഗരമായ ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമതാവളത്തിന് നേരെ വൻതോതിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് വ്യോമതാവളം ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീയാണ് പ്രസ്താവനയിൽ അറിയിച്ചത്.
യമനിൽ സൗദി നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഹൂതികളുടെ വിശദീകരണം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ യെമനിലെ വിവിധ പ്രവിശ്യകളിലായി സൗദി എഫ്-15, ടൈഫൂൺ യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ച് 300ലേറെ ആക്രമണങ്ങൾ നടത്തിയതായും ഹൂതികൾ ആരോപിച്ചു.
അതേസമയം, ചെങ്കടലിലെ കപ്പലുകൾക്കെതിരെയും സൗദിയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയും നടക്കുന്ന ആക്രമണങ്ങളും മേഖലയിൽ സംഘർഷം രൂക്ഷമാക്കുകയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതം തടസപ്പെടുന്നത് ആഗോള എണ്ണവിതരണത്തെയും വിലയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
Leave a Comment
Your comment will be visible after admin approval.