ഇല്‍ഹാന്‍ ഉമറിന്റെ വസതിയിലെ റെയ്ഡ്; രാഷ്ട്രീയ പകപോക്കലെന്ന് ഡമോക്രാറ്റിക് നേതൃത്വം

Global Indian Writer · October 13, 2026 · 1 min read · 0 Comments · 0 Shares

മിനസോട്ട: യു.എസ് കോൺഗ്രസ് അംഗവും ഡെമോക്രാറ്റ് പാർട്ടി നേതാവുമായ ഇൽഹാൻ ഉമറിന്റെ വസതിയിൽ ഫെഡറൽ ഏജൻസികൾ റെയ്ഡ് നടത്തിയത് അമേരിക്കൻ രാഷ്ട്രീയത്തിൽ പതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് ആക്ഷേപിച്ച് ഡെമോക്രാറ്റ് നേതൃത്വവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് ഏജൻറുമാരാണ് വാഷിങ്ടൺ ഡി.സി മേഖലയിലുള്ള ഇൽഹാൻ ഉമറിന്റെ വസതിയിൽ പരിശോധന നടത്തിയത്. റെയ്ഡിനെ തുടർന്ന് ഉമറിന്റെ വീടിനു ചുറ്റുമുള്ള തെരുവുകൾ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. തുടർന്ന് ‘പിടിച്ചെടുത്ത തെളിവുകൾ’ എന്ന് രേഖപ്പെടുത്തിയ പെട്ടികളുമായി ഏജൻറുമാർ മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കുടിയേറ്റ രേഖകളിലെ ക്രമക്കേടുകളും ഫ്രോഡുകളും സംബന്ധിച്ച് ഫെഡറൽ തലത്തിൽ നടക്കുന്ന ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായാണ് ജുഡീഷ്യൽ വാറണ്ടോടുകൂടിയ റെയ്ഡ് നടത്തിയത് എന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം.

സോമാലിയൻ വംശജയായ ഇൽഹാൻ ഉമർ വർഷങ്ങളായി ഡോണൾഡ് ട്രംപിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും പ്രധാന ലക്ഷ്യങ്ങളിലൊരാളാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട് ഉമറും കുടുംബവും തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിനും നേരത്തെ രംഗത്തുവന്നിരുന്നു.

കഴിഞ്ഞ മാസം, ഉമറിനെതിരെയുള്ള അന്വേഷണത്തിൽ ‘വല്ലതും സംഭവിക്കുമെന്ന്’ മുള്ളിൻ പരസ്യമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഒഹായോയിലെ റാലിയിൽ ഉമറിന്റെ സോമാലിയൻ പശ്ചാത്തലത്തെ കടന്നാക്രമിച്ച ട്രംപ്, രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്ന ഉമർ ‘ഭൂമിയിലെ ഏറ്റവും മോശം രാജ്യങ്ങളിൽ ഒന്നിൽ നിന്നാണ് വരുന്നത്’ എന്ന് വിമർശിക്കുകയും ചെയ്തിരുന്നു.

റാലിക്ക് പിന്നാലെ റെയ്ഡ് വാർത്ത പുറത്തുവന്നുവെങ്കിലും, സംഭവവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ഇത് നീതിന്യായ വകുപ്പിന്റെ മാത്രമായ തീരുമാനമാണെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.