സായുധ സേന മുൻപെങ്ങുമില്ലാത്ത വിധം സജ്ജമാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് , യു.എസിനും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാന്‍

Global Indian Writer · June 3, 2026 · 1 min read · 0 Comments · 0 Shares

തെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായും വീണ്ടും യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ ഇറാന്റെ സായുധ സേന മുൻപെങ്ങുമില്ലാത്ത വിധം സജ്ജമാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി).

ഒരു യുദ്ധമുണ്ടായാൽ നേരത്തെ ഉപയോഗിച്ചതിനേക്കാൾ വ്യത്യസ്തമായ ആയുധശേഖരം തന്നെ ഇറാൻ പുറത്തെടുക്കുമെന്ന് ഐ.ആർ.ജി.സി വക്താവ് സർദാർ മുഹബി മുന്നറിയിപ്പ് നൽകി.ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിമിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കരയിലും കടലിലും ആകാശത്തും തങ്ങളുടെ പരമാവധി ശേഷി പ്രയോഗിച്ചിട്ടും, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏതാനും മിനിറ്റുകൾ പോലും ഇറാന്റെ കൈകളിൽനിന്ന് തട്ടിയെടുക്കാൻ അമേരിക്കക്ക് കഴിഞ്ഞില്ലെന്ന് സർദാർ മൊഹെബി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ നടന്ന സംഘർഷത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ വാഷിങ്‌ടൺ പൂർണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്.

ഇതിന് മറുപടിയായി ഇസ്രായേലിനും ഗൾഫ് മേഖലയിലെ യു.എസ് സഖ്യകക്ഷികൾക്കുമെതിരെ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചിടുകയും ചെയ്തു.

പാകിസ്താന്റെ മധ്യസ്ഥതയിൽ ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇസ്‌ലാമാബാദിൽ നടന്ന തുടർചർച്ചകൾ ഫലവത്തായില്ല. ശാശ്വതമായ ഒരു കരാറിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇപ്പോഴും മേഖലയിൽ ആശങ്ക തുടരുകയാണ്. എങ്കിലും, പ്രശ്നപരിഹാരത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Share this story

Leave a Comment

Your comment will be visible after admin approval.