ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഇരട്ടസഹോദരിമാർക്ക് ഭരണകൂടത്തിന്റെ ക്രൂരമായ പ്രതികാര നടപടി

Global Indian Writer · September 7, 2026 · 1 min read · 0 Comments · 0 Shares

ടെഹ്റാൻ ∙: ഇറാനിൽ ഈ വർഷം ആദ്യം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനു 19 വയസ്സുള്ള ഇരട്ടസഹോദരിമാർക്ക് നേരെ ഇറാൻ ഭരണകൂടത്തിന്റെ ക്രൂരമായ പ്രതികാര നടപടി. സഹോദരിമാരിൽ ഒരാളായ തരാനെ റഹീമിക്ക് കോടതി വധശിക്ഷ വിധിച്ചപ്പോൾ, റോമിന റഹീമിക്ക് 25 വർഷത്തെ കഠിനതടവാണ് ശിക്ഷ വിധിച്ചത്.

ഇരുവരെയും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർ ഉദ്യോഗസ്ഥർ അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മുഖംമൂടി ധരിപ്പിച്ചു തട്ടിക്കൊണ്ടുപോയെന്നാണ് ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നത്. നാല് മാസത്തോളം പെൺകുട്ടികളെ കുറിച്ച് യാതൊരു വിവരവും കുടുംബത്തിന് ഉണ്ടായിരുന്നില്ല. ഇവരുടെ അമ്മ മർസിയ നൂർമുഹമ്മദി ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും നിരന്തരം തിരച്ചിൽ നടത്തിയതിനൊടുവിലാണ് മക്കൾ ഇസ്ഫഹാനിലെ ദൗലതാബാദ് ജയിലിലുണ്ടെന്ന് അറിയുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ ജയിലിൽ വച്ച് ഇവരെ കാണാൻ അനുമതി ലഭിച്ചപ്പോൾ അമ്മയ്ക്ക് സ്വന്തം മക്കളെ തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. ക്രൂരമായ മർദ്ദനമേറ്റ് ഇരുവരുടെയും മുഖം വീർത്തുപോയിരുന്നു. അമേരിക്കയിലെ യൂട്ടായിൽ താമസിക്കുന്ന ഇവരുടെ കസിൻ മസൂദ് നൂർമുഹമ്മദി പറയുന്നത് അനുസരിച്ച്, പെൺകുട്ടികളുടെ കൈമുട്ടുകളും കാൽപാദങ്ങളും തല്ലിയൊടിച്ച നിലയിലായിരുന്നു, ഇവരുടെ തലമുടി മുഴുവൻ ജയിൽ അധികൃതർ പിഴുതെടുക്കുകയും ചെയ്തിരുന്നു.

കോടതിയിൽ ജയിൽ ഉദ്യോഗസ്ഥർ തങ്ങളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് തരാനെ റഹീമി വെളിപ്പെടുത്തി. കുറ്റസമ്മത പത്രത്തിൽ ഒപ്പിട്ടില്ലെങ്കിൽ അനിയത്തിയായ റോമിനയെ അവളുടെ മുന്നിലിട്ട് ജയിൽ ഗാർഡുകൾ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് വ്യാജരേഖകളിൽ ഒപ്പിട്ടതെന്ന് തരാനെ കോടതിയിൽ പറഞ്ഞു. ഇരുവരുടെയും അമ്മയെ വിചാരണക്കോടതിയിൽ പ്രവേശിപ്പിച്ചതുമില്ല. പീഡനത്തിലൂടെയാണ് മൊഴികൾ രേഖപ്പെടുത്തിയതെന്നും, പ്രക്ഷോഭങ്ങളിൽ ഇവർ യാതൊരുവിധ അക്രമങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു. മുൻപ് ഒരു പ്രക്ഷോഭങ്ങളിലും പങ്കെടുക്കാത്ത ഇരുവരും ജനുവരി 8, 9 തീയതികളിൽ ഇസ്ഫഹാനിൽ നടന്ന ലക്ഷക്കണക്കിന് ആളുകളുടെ ജനകീയ മാർച്ചിൽ മാത്രമാണ് പങ്കെടുത്തത്.

മരണശിക്ഷ വിധിച്ചാൽ അപ്പീൽ നൽകാൻ നിയമപരമായി 18 ദിവസത്തെ സമയം അനുവദിക്കാറുണ്ടെങ്കിലും ഈ കേസിൽ അത്തരം നിയമനടപടികളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.