അമേരിക്കയുടെ സാമ്പത്തിക ഉപരോധം എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള ‘യുദ്ധപ്രഖ്യാപന’മെന്ന് ഇറാൻ

Global Indian Writer · August 23, 2026 · 1 min read · 0 Comments · 0 Shares

തെഹ്റാൻ: ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഒരു രാജ്യത്തിന് മാത്രമെതിരെയുള്ള നടപടിയല്ലെന്നും അത് എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള ‘യുദ്ധപ്രഖ്യാപനമാണെന്നും’ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര അംഗങ്ങളായ എല്ലാ രാജ്യങ്ങൾക്കുമേൽ സ്വന്തം പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പുതിയ ഉപരോധ പ്രഖ്യാപനമെന്ന് ബഖാഈ കുറ്റപ്പെടുത്തി.

സ്വന്തം പരമാധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളെയോ സ്ഥാപനങ്ങളെയോ വിമാനത്താവളങ്ങളെയോ, മറ്റൊരു മൂന്നാം രാജ്യവുമായി ന്യായമായ വ്യാപാരം നടത്തുന്നതിൽ നിന്ന് തടയാൻ ഒരു സർക്കാരിനും അധികാരമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനമില്ലാത്ത ഇത്തരം ദ്വിതീയ ഉപരോധങ്ങൾ യു.എൻ ചാർട്ടർ ആർട്ടിക്കിൾ 2, ഖണ്ഡിക 1 എന്നിവയിൽ പറയുന്ന പരമാധികാര സമത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ് ലംഘിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക ഉപരോധത്തോടൊപ്പം നാവിക ഉപരോധം കൂടി ഏർപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരം ഭീഷണികൾക്ക് വഴങ്ങുന്നത് ‘ദേശീയ പരമാധികാരത്തിന്റെ സമ്പൂർണ്ണ തകർച്ചക്കും കൊളോണിയലിസത്തിലേക്കുള്ള ഭീകരമായ മടങ്ങിപ്പോവിനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വർഷങ്ങളായുള്ള ഉപരോധങ്ങൾക്കും ബാഹ്യമായ സമ്മർദ്ദങ്ങൾക്കും ഇടയിലും രാജ്യത്തിന്റെ പ്രതിരോധ വ്യവസായം ദേശീയ സുരക്ഷയുടെ പ്രധാന സ്തംഭമായി മാറിയെന്ന് ഇറാൻ നാവിക സേന മേധാവി വ്യക്തമാക്കി. തദ്ദേശീയമായ കഴിവുകളെയും ആഭ്യന്തര ജ്ഞാനത്തെയും ആശ്രയിക്കാനാണ് ഇറാൻ തീരുമാനിച്ചതെന്നും അത് രാജ്യത്തിന്റെ സുരക്ഷാ ശക്തിയുടെ അടിത്തറയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇറാഖിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾ കടന്നുപോകാൻ ഇറാൻ ഇറാഖിന് അനുമതി നൽകി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിന്റെ ഇറാഖ് സന്ദർശനവേളയിലാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.