തെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിലെ സഖ്യകക്ഷികളെ ഭയപ്പെടുത്തി അമേരിക്കയെ സമ്മർദത്തിലാക്കുകയാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂലൈ 28ന് ഇറാനിലെ ഊർജ ശൃംഖലക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ ഈ മുന്നറിയിപ്പ് നൽകിയത്. പുതിയ ആക്രമണങ്ങൾ ഒഴിവാക്കാൻ ട്രംപിനുമേൽ സ്വാധീനം ചെലുത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വാഷിങ്ടണിന്റെ സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുള്ളത്. ഇറാൻ വിദേശകാര്യ മന്ത്രി സൗദി, തുർക്കി, ഖത്തർ പ്രതിനിധികളുമായും പാകിസ്താൻ ആർമി മേധാവിയുമായും സംസാരിച്ചതായി രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും ഗൾഫ് ഉറവിടങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിൽ ഏതെങ്കിലും തരത്തിലുള്ള അമേരിക്കൻ ആക്രമണമുണ്ടായാൽ ഗൾഫിലുടനീളമുള്ള യു.എസ് ആസ്തികൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു. “ഞങ്ങൾ തിരിച്ചടിക്ക് തയാറാണ്. എന്നാൽ മേഖലയിലുടനീളമുള്ള വലിയ സംഘർഷങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാൻ നയതന്ത്രപരമായ പരിഹാരമാണ് ഏറ്റവും നല്ല മാർഗം” എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഇറാൻ, ഈ താവളങ്ങൾ തങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നും പുതിയ ആക്രമണമുണ്ടായാൽ എണ്ണപ്പാടങ്ങൾ, റിഫൈനറികൾ, ജലവിതരണ ശൃംഖലകൾ, വൈദ്യുതി ഗ്രിഡുകൾ എന്നിവ ഉൾപ്പെടെയുള്ള ഗൾഫിലെ തന്ത്രപ്രധാന മേഖലകൾ തകർക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ നയതന്ത്ര ചർച്ചകൾക്ക് മുൻകൈയെടുക്കണമെന്ന് സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ വാഷിങ്ടണിനോട് ആവശ്യപ്പെട്ടു. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് സൗദി അറേബ്യയുടെ നിലപാട്.
Leave a Comment
Your comment will be visible after admin approval.