പാക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം

Global Indian Writer · July 5, 2026 · 1 min read · 0 Comments · 0 Shares

റാവലകോട്ട്: പാക് അധിനിവേശ കശ്മീരിൽ ഞായറാഴ്ച വൻ പ്രക്ഷോഭം. മേഖലകളിലെ ഉപരോധം അവസാനിപ്പിക്കുക, ആശയവിനിമയ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, ഭക്ഷണം, മരുന്ന് എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക, തടവിലാക്കപ്പെട്ട നേതാക്കളെ വിട്ടയക്കുക, 38-ഇന കരാർ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്.

അൻബ് മേഖലയിൽ പ്രക്ഷോഭകാരികൾക്കുനേരെ പോലീസും പാക് റേഞ്ചേഴ്സും കണ്ണീർവാതകം പ്രയോഗിക്കുകയും വെടിവെയ്പ്പ് നടത്തുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായി. വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധയിടങ്ങളിൽ നടന്ന വെടിവെയ്പ്പിലും കണ്ണീർവാതക പ്രയോഗത്തിലും നാല് യുവാക്കൾക്കും പരിക്കേറ്റതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി(ജെ.എ.എ.സി.)യുടെ ആഹ്വാനപ്രകാരം മുസാഫറാബാദ്, റാവലകോട്ട്, മിർപൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൻ ജനക്കൂട്ടമാണ് ഒത്തുചേർന്നത്. ദഡ്യാലിൽ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ സുരക്ഷാ സേനയ്ക്ക് പിൻവാങ്ങേണ്ടി വന്നു. എന്നാൽ, മരണവിവരങ്ങളോ പ്രക്ഷോഭകാരികളുടെ ആരോപണങ്ങളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പാകിസ്താൻ പുറത്തുവിട്ടിട്ടില്ല.

പാക് അധിനിവേശ കശ്മീരിലുടനീളം പാകിസ്താൻ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം പാക് ഭരണകൂടത്തിനെതിരായ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാണ്. ഭീകരവിരുദ്ധ നിയമപ്രകാരം ജെ.എ.എ.സിയെ നിരോധിച്ചതിന് പിന്നാലെ പാക് സുരക്ഷാ സേന വലിയ തോതിലുള്ള അടിച്ചമർത്തൽ നടപടികൾ ആരംഭിച്ചിരുന്നു.

ഷൗക്കത്ത് നവാസ് മിർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും 600-ഓളം പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അവശ്യസാധനങ്ങളായ ഭക്ഷണം, മരുന്നുകൾ എന്നിവയുടെ വിതരണം തടസ്സപ്പെടുത്തി പാക് ഭരണകൂടം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്നാണ് സമരക്കാരുടെയും പ്രാദേശിക പ്രവർത്തകരുടെയും ആരോപണം. വിവരങ്ങൾ പുറത്തെത്താതിരിക്കാനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് തടയാനും പാക് ഭരണകൂടം പല ജില്ലകളിലും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ സൗകര്യങ്ങൾ റദ്ദാക്കിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.